Connect with us

From the print

മാനവസഞ്ചാരത്തിന് ഞായറാഴ്ച സമാപനം; ചരിത്ര വേദിയാകാന്‍ തിരുവനന്തപുരം

കടന്നുവന്ന വഴികളിലെ മനുഷ്യരുടെ നൂറൂകൂട്ടം പ്രതീക്ഷകളും ആശങ്കകളും കണ്ടും കേട്ടും ആശ്വസിപ്പിച്ചുമാണ് സഞ്ചാരം തലസ്ഥാന നഗരിയിലേക്കെത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | വിഭാഗീയതയും വിവാദങ്ങളുമല്ല, നാടിന് വേറെ ചിലത് പറയാനുണ്ടെന്ന് തെളിയിച്ച മാനവസഞ്ചാരം ഞായറാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഈ മാസം 16ന് കാസര്‍കോട് നിന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സഞ്ചാരത്തിന്റെ സമാപനത്തിന് വേദിയാകുന്നത് പ്രസിദ്ധമായ കനകക്കുന്ന് നിശാഗന്ധിയാണ്. കടന്നുവന്ന വഴികളിലെ മനുഷ്യരുടെ നൂറൂകൂട്ടം പ്രതീക്ഷകളും ആശങ്കകളും കണ്ടും കേട്ടും ആശ്വസിപ്പിച്ചുമാണ് സഞ്ചാരം തലസ്ഥാന നഗരിയിലേക്കെത്തുന്നത്. സമാപന സംഗമം പ്രൗഢമാക്കാന്‍ ജില്ലയിലെ പ്രസ്ഥാന കുടുംബം ഒരുങ്ങിക്കഴിഞ്ഞു.

സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മാനവസഞ്ചാരം മനുഷ്യ മഹാസംഗമങ്ങള്‍ തീര്‍ത്താണ് സമാപനത്തിലേക്ക് നീങ്ങുന്നത്. ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയമാണ് പ്ലാറ്റിനം ഇയറില്‍ സംഘടന മുന്നോട്ടുവെക്കുന്നത്. മാനവസഞ്ചാരം കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്തുമ്പോള്‍ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെടാനിരിക്കുന്നത് മനുഷ്യരുടെ സാമൂഹികവും വ്യക്തിപരവുമായ ഒട്ടേറെ പരാതികളും പരിഹാര നിര്‍ദേശങ്ങളുമാണ്. സര്‍ക്കാര്‍ പരിഹാരം കാണേണ്ട വിഷയങ്ങള്‍ക്ക് പുറമെ സ്വന്തമായും മറ്റ് യുവജന പ്രസ്ഥാനങ്ങളെ ഒപ്പം ചേര്‍ത്തും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ടെന്നാണ് യാത്രാ നായകന്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വ്യക്തമാക്കുന്നത്. ആ ദിശയില്‍ സൃഷ്ടിപരമായ നീക്കങ്ങള്‍ക്ക് എസ് വൈ എസ് നേതൃത്വം നല്‍കും.നഗരവും ഗ്രാമവും തൊട്ടറിഞ്ഞുകൊണ്ടുള്ള നടത്തം തന്നെയായിരുന്നു മാനവസഞ്ചാരത്തിന്റെ ഉള്‍ക്കാമ്പ്. വെളുപ്പിന് അതത് പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കൊപ്പം കിലോമീറ്ററിലധികം നടക്കുന്ന നേതാക്കള്‍ വൈകിട്ട് മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ അണിനിരത്തി നടത്തിയ സൗഹൃദ നടത്തം മലയാളത്തിന്റെ ഒരുമക്ക് ശക്തി പകരുന്നതായി.

എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ സമാപനമായി ഡിസംബര്‍ 27 മുതല്‍ 29 വരെ തൃശൂരില്‍ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സന്ദേശം വിളംബരം ചെയ്ത മാനവസഞ്ചാരത്തിന്റെ ആശയങ്ങളെ പ്രതീക്ഷകള്‍ക്കപ്പുറം മലയാളത്തിന്റെ ആത്മാവ് നെഞ്ചേറ്റുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സമാപന സംഗമത്തില്‍ മത- സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കേരളത്തിന്റെ മുന്നേറ്റത്തിന് വേഗം പകരുന്ന ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ക്ക് സമാപന വേദി സാക്ഷിയാവും. വൈകിട്ട് നാലിന് തുടക്കമാകും.

മാനവികതയുടെ സ്നേഹഗീതവുമായി 1999ലും 2012ലും രണ്ട് ഘട്ടങ്ങളിലായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ കേരളയാത്രയുടെ മൂന്നാം പതിപ്പ് ആയി മാറിയിരിക്കുകയാണ് പുതിയ കാലത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ള ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലുള്ള മാനവസഞ്ചാരം.

 

---- facebook comment plugin here -----

Latest