Kerala
മാനവ സഞ്ചാരം: ഐക്യത്തിന്റെ സന്ദേശം ആവോളം; വാണിജ്യ നഗരത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്
യാത്ര നാളെ (26-11-2024, ചൊവ്വ) ഇടുക്കിയില്‍.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തോടനുബന്ധിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നാരംഭിച്ച സൗഹൃദ നടത്തം.
കൊച്ചി | ഐക്യത്തിന്റെ സന്ദേശം പറഞ്ഞ് മധ്യകേരളത്തില്‍ മാനവ സഞ്ചാരത്തിന് ഉജ്ജ്വല വരവേല്‍പ്പ്. വ്യവസായ വാണിജ്യ ഭൂമികയായ കൊച്ചിയില്‍ ഇന്നലെ രാവിലെ പ്രഭാത നടത്തത്തോടെ ആരംഭിച്ച മാനവ സഞ്ചാരം മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ ആശിര്‍വാദത്തോടെയാണ് പര്യവസാനിച്ചത്. രാവിലെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് സമീപം പ്രഭാത നടത്തത്തിനിറങ്ങിയ യാത്രാ നായകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പ്രഭാത സവാരിയെ പ്രോത്സാഹിപ്പിക്കുന്നതിന് എസ് വൈ എസ് മുന്നോട്ട് വെക്കുന്ന ഏര്‍ളി ബേര്‍ഡ്‌സ് പദ്ധതിയുടെ ആവശ്യകതയും സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്യപ്പെട്ടു. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ പ്രഭാത നടത്തത്തിന് നേതൃത്വം നല്‍കി.
എറണാകുളം നോര്‍ത്തിലെ സിതറ ഹോട്ടലില്‍ നടന്ന സംരംഭകത്വ-യുവജന സമ്മേളനം ശ്രദ്ധേയമായി. കൊച്ചി അനുഭവിക്കുന്ന അന്തരീക്ഷ-മാലിന്യ പ്രശ്‌നങ്ങളടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ 12 രൂപതകളുടെ ആസ്ഥാനമായ വാരാപ്പുഴ അതിരൂപതയുടെ മെത്രോപ്പോലിത്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായും ഡോ. അസ്ഹരി സംഭാഷണം നടത്തി. എറണാകുളത്തെ വിവാദമായ മുനമ്പം വിഷയത്തില്‍ വഖ്ഫ് സംരംക്ഷണ സമിതി പ്രവര്‍ത്തകരും ഹകീം അസ്ഹരിയെ കാണാനെത്തിയിരുന്നു.
വൈകിട്ട് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച സൗഹൃദ നടത്തത്തില്‍ പൊതുജനങ്ങളും നേതാക്കളും അണിനിരന്നു. തുടര്‍ന്ന്, ടൗണ്‍ഹാളില്‍ നടന്ന മാനവസംഗമം പ്രമുഖ സാഹിത്യകാരന്‍ എം കെ സാനു ഉദ്ഘാടനം ചെയ്തു. സംഘാടക ചെയര്‍മാന്‍ ടി പി എം ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സി ടി ഹാഷിം തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി സന്ദേശപ്രഭാഷണം നടത്തി. യാത്രാ നായകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മാനവസംഗമത്തെ അഭിസംബോധന ചെയ്തു. എം എല്‍ എമാരായ അന്‍വര്‍ സദാത്ത്, കെ ജെ മാക്സി, ടി ജെ വിനോദ്, വി എച്ച് അലി ദാരിമി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, സ്വാമി ധര്‍മ്മ ചൈതന്യ, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, രാമചന്ദ്രന്‍ വേണു, കുസാറ്റ് മുന്‍ വി സി. ഡോ. ശശിധരന്‍, ഷാജി ജോര്‍ജ് പ്രസംഗിച്ചു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, എന്‍ എം സ്വദിഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സിദ്ധീഖ് സഖാഫി നേമം, കെ അബ്ദുറഷീദ് നരിക്കോട്, സി ഹൈദ്രോസ് ഹാജി, അഷ്റഫ് സഖാഫി ശ്രീമൂലനഗരം, സിദ്ദീഖ് അശ്അരി, കെ എസ് എം ഷാജഹാന്‍ സഖാഫി, യൂസഫ് സഖാഫി വയല്‍ക്കര മാനവസംഗമത്തില്‍ സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ജലാല്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നജീബ് ഖാന്‍ നന്ദിയും പറഞ്ഞു.
‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം പതിനൊന്നാം ദിവസമായ ഇന്ന് ഇടുക്കിയില്‍ പ്രവേശിക്കും. അടിമാലിയിലാണ് മാനവസംഗമം.