Connect with us

From the print

മാനവ സഞ്ചാരം: ആശയങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു

യുവജന പ്രതിനിധികള്‍, സംരംഭകര്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ പങ്കുവെച്ച ആശയങ്ങള്‍ക്കൊപ്പം സംഘടന ഉയര്‍ത്തിക്കൊണ്ടുവന്നവ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | മാനവ സഞ്ചാരത്തിന്റെ ഭാഗമായി ജില്ലകളില്‍ നടന്ന കൂടിക്കാഴ്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചു. യുവജന പ്രതിനിധികള്‍, സംരംഭകര്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ തുറകളിലുള്ളവരുമായി എസ് വൈ എസ് നേതാക്കള്‍ സഞ്ചാരത്തിനിടെ സംസാരിച്ചിരുന്നു. അവര്‍ പങ്കുവെച്ച ആശയങ്ങള്‍ക്കൊപ്പം സംഘടന ഉയര്‍ത്തിക്കൊണ്ടുവന്നവ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് നല്‍കി.

നിവേദനത്തിലെ പ്രധാന ആശയങ്ങള്‍
മലയാളികള്‍ക്കിടയില്‍ മതേ തര ആശയങ്ങളും സൗഹൃദ ശീലങ്ങളും ദൃഢപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെയുണ്ടാകണം. മത, സാമുദായിക, രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ സംഭവിക്കാറുള്ള അസ്വസ്ഥതകള്‍ സമയാസമയങ്ങളില്‍ പരിഹരിക്കാനും ഒരുമിച്ചിരിക്കാനും സ്ഥിരം സംവിധാനവും കേന്ദ്രവും ആലോചിക്കണം. ഇന്റര്‍ഫെയ്ത് ഡയലോഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ കേരളം മുന്‍കൈയെടുക്കണം.

വെറുപ്പും വിദ്വേഷവും ഉത്പാദിപ്പിക്കുന്ന പ്രസംഗങ്ങളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നിയന്ത്രിക്കുന്നതിന് നിയമം ശക്തമായി പ്രയോഗിക്കണം. ഫേക്ക് ന്യൂസുകള്‍ തടയാന്‍ നടപടിയുണ്ടാകണം.

ലഹരിയുടെ ഉപയോഗം, വിപണനം, വിതരണം തടയുന്നതിന് നിയമങ്ങള്‍ കര്‍ക്കശമാക്കണം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ബോധവത്കരണത്തിലും വിദ്യാര്‍ഥി- യുവജനങ്ങളെ സജീവമായി ഭാഗഭാക്കാക്കണം.

പുതിയ തൊഴിലവസരങ്ങളും സംരംഭാവസരങ്ങളും സൃഷ്ടിക്കാനും സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ യഥാസമയം നികത്തി പരമാവധി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടണം.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കുകയും പ്രമേഹമുക്ത കേരളം എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും ഔദ്യോഗിക പരിപാടികളും പഞ്ചസാര മുക്തമാക്കുകയും വേണം.

കാര്‍ഷികരംഗത്തെ സ്വയം പര്യാപ്ത സംസ്ഥാനമാക്കുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. കാര്‍ഷിക രംഗം നവീകരിക്കാനും മത്സരം നേരിടാനും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും പുതിയ ആഗോള സാധ്യതകളെ ഉപയോഗിക്കാനും പദ്ധതികള്‍ വേണം. കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. കയര്‍, കശുവണ്ടി, മത്സ്യ ത്തൊഴില്‍ മേഖലയുടെ ക്ഷേമത്തിനും പുനരുദ്ധാരണത്തിനും പാക്കേജ് പ്രഖ്യാപിക്കണം.

വഖ്ഫ് ഉള്‍പ്പെടെയുള്ള പൊതുസ്വത്തുക്കള്‍ കൈയേറുന്നതും ദുരുപയോഗം നടത്തുന്നതും പൂര്‍ണമായും തടയുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം.
ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സാധിക്കുന്ന വിധം ജില്ലകളും താലൂക്കുകളും തദ്ദേശ സ്ഥാപനങ്ങളും അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തണം.

ഇടുക്കിയിലെ തമിഴ് വംശജര്‍ ദീര്‍ഘകാലം തോട്ടങ്ങളില്‍ ജോലി ചെയ്തിട്ടും ശിഷ്ടകാലം താമസിക്കാന്‍ ഇടമില്ലാതെയാകുന്ന സാഹചര്യമുണ്ട്. അത് പരിഹരിക്കപ്പെടണം.