Connect with us

Kerala

മാനവ സഞ്ചാരം അതിന്റെ പ്രസക്തി കൊണ്ടുതന്നെ അഭിനന്ദനാര്‍ഹം: മന്ത്രി സജി ചെറിയാന്‍

വര്‍ഗീയതയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. രാജ്യത്ത് മതനിരപേക്ഷതക്ക് എസ് വൈ എസും കാന്തപുരം ഉസ്താദും മകനും നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണ്.

Published

|

Last Updated

മാനവ സഞ്ചാരത്തിന്റെ ഭാഗമായി നടന്ന മാനവ സംഗമത്തിന്റെ പത്തനംതിട്ടയിലെ സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട | സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണര്‍ത്താനും ലക്ഷ്യമിട്ട് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മാനവ സഞ്ചാരം അതിന്റെ പ്രസക്തി കൊണ്ടുതന്നെ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി സജി ചെറിയാന്‍. മാനവ സംഗമത്തിന്റെ പത്തനംതിട്ടയിലെ സമാപന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തെ ദൈവത്തിന്റെ നാട് എന്ന് വിളിക്കുന്നത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാപരമായ സാഹോദര്യവും സമഭാവനയും കൊണ്ടാണ്. എല്ലാ മതവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന നാടാണ് നമ്മുടേത്. അതിന് ഒരു പുരോഗമന സ്വഭാവമുണ്ട്. മതേതരമായ ആ പുരോഗമന സ്വഭാവം നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. എന്നാല്‍ അവയില്‍ വിള്ളല്‍ വീഴ്ത്തുന്ന സങ്കുചിത ചിന്തകള്‍ വളര്‍ന്നു വരുന്നത് ആശങ്കപ്പെടുത്തുകയാണ്.

അപരവല്‍ക്കരണത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ കളരിയായി കേരളീയ പരിസരവും മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നമ്മുടെ നാട്ടിലും ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷത എന്ന സങ്കല്‍പ്പം ഇന്ന് ഏറെ പ്രസക്തമാണ്. അതിന്റെ അര്‍ഥം മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പെടുത്തി കാണണമെന്നും മതം ഒരു സ്വകാര്യ വിഷയമാണെന്ന് കണക്കാക്കണമെന്നുമാണ്. അതായത് ഓരോ വ്യക്തിയും വിശ്വാസ സ്വാതന്ത്രത്തെ വിട്ടുവീഴ്ച കൂടാതെ സംരക്ഷിക്കേണ്ട ഭരണകൂടം ഏതെങ്കിലും ഒരു മതത്തെ പ്രോത്സാഹിപ്പിക്കുകയോ, പ്രചരിപ്പിക്കുകയോ ആചരിക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ്.

മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമാണുള്ളത്. ഒരു മതത്തിനും പ്രത്യേകമായ അധികാര, അവകാശങ്ങളൊന്നും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഏവരും കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന മതേതരത്വം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഗീയതയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു മതത്തിന്റെ വളര്‍ച്ചയ്ക്ക് മറ്റ് മതങ്ങള്‍ തടസ്സമാണെന്ന വിശ്വാസമാണ് ജനങ്ങളില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. സ്വന്തം മതത്തോട് അഭിനിവേശവും മറ്റ് മതങ്ങളോട് വിദ്വേഷവും വെച്ച് പുലര്‍ത്താന്‍ അത് പ്രേരിപ്പിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. മതരാഷ്ട്ര സിദ്ധാന്തമുയര്‍ത്തുന്ന സംഘടനകള്‍ക്ക് പുറകേ രാഷ്ട്രീയ പാര്‍ട്ടികള്‍ പോകുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് മതനിരപേക്ഷതക്ക് എസ് വൈ എസും കാന്തപുരം ഉസ്താദും മകനും നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അലങ്കാര്‍ അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. കെ യു ജിനീഷ്‌കുമാര്‍ എം എല്‍ എ, മലങ്കര കാത്തോലിക്കാ സഭ ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ശബരിമല നിലയ്ക്കല്‍ മുന്‍ മേല്‍ശാന്തി താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി, റവ. ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ജെ ജാസിംകുട്ടി, കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഡോ. പുനലൂര്‍ സോമരാജന്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി തോമസ് ജോസഫ്, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എം എച്ച് ഷാജി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എസ് അഫ്സല്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി എസ് നഹാസ് പത്തനംതിട്ട, ജില്ലാ സെക്രട്ടറി അന്‍സാര്‍ മുഹമ്മദ്, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുര്‍റഷീദ് സഖാഫി മെരുവമ്പായി പ്രസംഗിച്ചു.

സയ്യിദ് ബാഫഖറുദ്ദീന്‍ ബുഖാരി, ഡോ. അലി അല്‍ ഫൈസി, മുഹമ്മദ് സ്വാബിര്‍ മഖ്ദൂമി, സ്വലാഹുദ്ദീന്‍ മദനി, മുഹമ്മദ് അന്‍സ്വാര്‍ ജൗഹരി. അഡ്വ. ബിജു മുഹമ്മദ് സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ സ്വാഗതവും സുധീര്‍ വഴിമുക്ക് നന്ദിയും പറഞ്ഞു. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കപ്പെടുന്ന മാനവ സഞ്ചാരം നാളെ (നവം; 29, വെള്ളി) 14-ാം ദിനത്തില്‍ ആലപ്പുഴയില്‍ പ്രവേശിക്കും. വൈകീട്ട് 3.30ന് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിന്നും ആരംഭിച്ച സൗഹൃദ നടത്തത്തില്‍ ജില്ലയിലെ മത, സാമുദായിക, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കാളികളായി.

അഡ്വ. കെ യു ജനീഷ്‌ കുമാര്‍
മാനവ ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വെച്ചുകൊണ്ടാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മാനവ സഞ്ചാരം നടത്തുന്നതെന്ന് കോന്നി എം എല്‍ എ. കെ യു ജനീഷ്‌ കുമാര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാനവ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു എം എല്‍ എ.

സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നാട് ആവശ്യപ്പെടുന്ന സമയത്താണ് ഈ യാത്ര നടക്കുന്നതെന്നുള്ളതും ഏറെ പ്രസക്തമാണ്. നമ്മുടെ രാജ്യത്ത് ധാരാളം വെറുപ്പിന്റെ പ്രചാരണം നടക്കുന്നുണ്ട്. അത് മതങ്ങളിലും രാഷ്ട്രീയത്തിലും പ്രകടമാവുകയും ചെയ്യുന്നു. ഇന്ത്യ മതേതര രാജ്യമാണെന്ന് അഭിമാനത്തോട് എല്ലാകാലത്തും പറയാന്‍ കഴിയണമെന്നും ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം സമൂഹത്തെ വിഘടിപ്പിക്കുന്ന ഇക്കാലത്ത് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയൊരുക്കാന്‍ എസ് വൈ എസിന് കഴിയുന്നു എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. തീവ്ര ആശയം പ്രചരിപ്പിക്കുന്നവരെ അകറ്റി നിര്‍ത്തുന്നതിന് എസ് വൈ എസിന് കഴിയുന്നു എന്നുള്ളതും എടുത്തു പറയേണ്ടതാണ്. പത്തനംതിട്ടയിലെ ജനതക്ക് വേണ്ടി നന്ദി അറിയിക്കുന്നതായും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്
നാടിനെ കുറിച്ചുള്ള വേവലാതിയാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാനവ സഞ്ചാരം പോലുള്ള യാത്രയ്ക്ക് കാരണമാകുന്നതെന്ന് മലങ്കര കാത്തോലിക്കാ സഭ ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍മാര്‍ ഐറേനിയോസ് പറഞ്ഞു. പത്തനംതിട്ടയില്‍ മാനവ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു കാത്തോലിക്കാ സഭ ഭദ്രാസനാധ്യക്ഷന്‍. രാഷ്ട്രീയം രാഷ്ട്രത്തിന് വേണ്ടി ആത്മസമര്‍പ്പണം നടത്താനുള്ള നിയോഗമാണ്. ബന്ധങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം.

വര്‍ഗീയതയും ഭീകരവാദവും പൈശാചികതയുടെ പ്രേരണയാണ്. ആവശ്യത്തിന് മാത്രം വാങ്ങാതെ എല്ലാം സ്വന്തമാക്കാനുള്ള ആസക്തിയാണ് നമ്മുടെ പരിസരങ്ങളെ വൃത്തികേടാക്കുന്നത്. വ്യക്തി, മതം, രാഷ്ട്രം, കുടുംബം എല്ലായിടങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുന്ന ഇക്കാലത്ത് നമ്മെ വിശുദ്ധിയാക്കാന്‍ നടത്തുന്ന യാത്രയോട് ചേര്‍ന്ന് നില്‍ക്കുന്നു. അഭിനന്ദിക്കുന്നു. യാത്രയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വയക്കുന്നു.

മനോജ് നമ്പൂതിരി
സൗഹൃദ ബന്ധങ്ങളാണ് ഏറെ പ്രധാനമെന്ന് ശബരിമല നിലയ്ക്കല്‍ മുന്‍ മേല്‍ശാന്തി താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി പറഞ്ഞു. പത്തനംതിട്ടയില്‍ മാനവ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട സ്നേഹത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും മണ്ണാണ്. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാനവ സഞ്ചാരം തിരുവനന്തപുരത്ത് എത്തുമ്പോള്‍ നന്മയുടെ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കാന്‍ കഴിയട്ടെയെന്നും ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി ആശംസിച്ചു.

 

 

 

Latest