Connect with us

Kerala

പിടിച്ചെടുത്ത ഇരുചക്ര വാഹനം കോടതിയില്‍ ഹാജരാക്കാന്‍ കാലതാമസം വരുത്തി; എസ് ഐ ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

പോലീസ് പിടിച്ചെടുത്ത വാഹനം പരാതിക്കാരന് തിരികെ കിട്ടുന്നത് 45 ദിവസങ്ങള്‍ക്ക് ശേഷമാണ്

Published

|

Last Updated

തിരുവനന്തപുരം |  പിടിച്ചെടുത്ത വാഹനം കോടതിയില്‍ ഹാജരാക്കാന്‍ കാലതാമസം വരുത്തിയ കഴക്കൂട്ടം എസ് ഐ ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഇരുചക്രവാഹനം പിടിച്ചെടുത്തെങ്കിലും കോടതിയില്‍ ഹാജരാക്കുന്നതിന് 13 ദിവസത്തെ കാലതാമസം വരുത്തിയതിനാലാണ് എസ് ഐ ജിനുവിന്റെ പേരില്‍ അനുയോജ്യമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടത്.

വാഹനത്തിന് തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഇല്ലാത്തതു കാരണമാണ് വാഹനം നിര്‍ത്താത്തതെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ പ്രസ്തുത നിയമ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനം വിട്ടു നല്‍കേണ്ടതായിരുന്നുവെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത വാഹനം പരാതിക്കാരന് തിരികെ കിട്ടുന്നത് 45 ദിവസങ്ങള്‍ക്ക് ശേഷമാണ്. പരാതിക്കാരനെ മനപൂര്‍വം ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം എസ് ഐ ക്കുണ്ടായിരുന്നതായി സംശയിക്കേണ്ടി വരുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം വീഴചകള്‍ എസ് ഐ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശിക്ഷ നല്‍കേണ്ടത്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

ചെമ്പഴന്തി ഉഴിയാഴത്തുറ സ്വദേശി സി പരമേശ്വരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 2022 ഓഗസ്റ്റ് 17 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് പരാതിക്കാരന്റെ സ്ഥാപനത്തിലെത്തി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. 13 ദിവസങ്ങള്‍ക്ക് ശേഷമാണ് വാഹനം കോടതിക്ക് നല്‍കിയത്. സെപ്റ്റംബര്‍ 28 നാണ് കോടതി വാഹനം വിട്ടു കൊടുത്തത്. വാഹനം കോടതിയില്‍ സമയബന്ധിതമായി ഹാജരാക്കുന്നതില്‍ കഴക്കൂട്ടം എസ് ഐ ജിനുവിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി.