Kerala
ജി പി എസ് സംവിധാനം; ചൂഷണത്തിനെതിരായ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് തേടി. നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്.

കോട്ടയം | കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ട ജി പി എസ് സംവിധാനത്തിന്റെ പേരില്‍ സ്വകാര്യ കമ്പനികള്‍ നടത്തുന്ന ചൂഷണം നടത്തുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
2019 ല്‍ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയത്. സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ കമ്പനികളില്‍ നിന്നും ഉപകരണം വാങ്ങണമെന്നാണ് നിര്‍ദേശമെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ക്ക് സ്വകാര്യ കമ്പനികള്‍ 3,500 മുതല്‍ 5,500 രൂപ വരെ റീചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നു എന്നാണ് പരാതി.
കെല്‍ട്രോണ്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഉപകരണം വാങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. കേരളീയം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.