Kerala
ലഹരി, മൊബൈല്‍ സ്‌ക്രീന്‍ ആസക്തി; തീരദേശത്തെ കുട്ടികളെ പ്രതിരോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍
തുടക്കത്തില്‍ കണ്ടെത്തി പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം

തിരുവനന്തപുരം | ലഹരിവസ്തുക്കളോടും മൊബൈല്‍ സ്‌ക്രീനിനോടും തീരദേശത്തെ കുട്ടികള്‍ കാണിക്കുന്ന ആസക്തി ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രൂപം നല്‍കി. തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളായ അഞ്ചുതെങ്ങും ആര്യനാടും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സാണ് (ഓട്ടോണമസ്) പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്. ഇതിനാവശ്യമായ പദ്ധതിരൂപരേഖ മനുഷ്യാവകാശ കമീഷന്‍ സാമൂഹികനീതി വകുപ്പിന് കൈമാറി. തീരഗ്രാമങ്ങളില്‍ സമഗ്രമായ സര്‍വേ സംഘടിപ്പിച്ച ശേഷം കുട്ടികള്‍ക്കിടയില്‍ വിശദമായ പഠനം നടത്തും. കുട്ടികളുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുന്ന ലഹരികളോടുള്ള ആസക്തി അവസാനിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികള്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണവും ഭവന സന്ദര്‍ശനം, സെമിനാര്‍ എന്നിവയും സംഘടിപ്പിക്കും. ലഹരിയോടുള്ള ആസക്തി തുടക്കത്തില്‍ കണ്ടെത്തി പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം.