Editorial
പ്രഹസനമാകുന്ന മനുഷ്യാവകാശ ദിനാചരണം
ജനാധിപത്യ സൂചികയില്‍ ഇന്ത്യ കൂപ്പുകുത്തുന്നതിന്റെ മുഖ്യ കാരണം സാര്‍വത്രികമായ മനുഷ്യാവകാശ ലംഘനമാണ്. പട്ടാള അട്ടിമറികളും രാഷ്ട്രീയ കെടുകാര്യസ്ഥതയും അരക്ഷിത ജീവിത വ്യവസ്ഥയും തകര്‍ത്ത ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ.
ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുന്നു. 1948 ഡിസംബര്‍ പത്തിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി നടത്തിയ വിഖ്യാതമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കം ലോക രാജ്യങ്ങള്‍ ഡിസംബര്‍ പത്ത് മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നത്. “മനുഷ്യരെല്ലാം തുല്യാവകാശങ്ങളോടെയും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയുമാണ് ജനിക്കുന്നത്. മതം, ജാതി, ഭാഷ, നിറം, ലിംഗഭേദം, രാഷ്ട്രീയഭേദം എന്നിവക്കപ്പുറം ജന്മനാ ലഭ്യമായ ഈ അവകാശങ്ങള്‍ അനുഭവിക്കാന്‍ ഓരോ വ്യക്തിയും അര്‍ഹനാണെ’ന്നാണ് യു എന്‍ പ്രഖ്യാപനത്തിന്റെ ആകെത്തുക. ലോക തലത്തില്‍ എത്ര പേര്‍ അനുഭവിക്കുന്നുണ്ട് യു എന്‍ ആഹ്വാനം ചെയ്ത ഈ അവകാശങ്ങള്‍?
ഒരു വര്‍ഷവും രണ്ട് മാസവും പിന്നിട്ടു ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടും വംശഹത്യാ ശ്രമവും. ആയിരക്കണക്കിനു ഫലസ്തീനികളാണ് അവിടെ കൊല്ലപ്പെട്ടത്. മതിയായ ആഹാരമില്ലാതെ, ചികിത്സാ സൗകര്യം ലഭിക്കാതെ കൊടും ദാരിദ്ര്യവും യാതനകളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഗസ്സ നിവാസികള്‍. ഇസ്‌റാഈലിന്റെ ധാര്‍ഷ്ട്യത്തിനും വംശീയ ഉന്മൂലനത്തിനും അറുതി വരുത്താന്‍ കഴിയാതെ ഐക്യരാഷ്ട്ര സഭ നിസ്സഹായത പ്രകടിപ്പിക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനം. റഷ്യ-യുക്രൈന്‍ യുദ്ധവും പരിഹാരമാകാതെ തുടരുന്നു. യുദ്ധഭീതിയില്‍ നാടും വീടും വിട്ട് പലായനം ചെയ്യുന്നവരുടെ കരളലിയിപ്പിക്കുന്ന കഥകളാണ് ഫലസ്തീന്‍, യുക്രൈന്‍, സിറിയ തുടങ്ങിയ നാടുകളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയുടെ സ്ഥിതിയോ? ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം, മതവിശ്വാസ-ആചാര സ്വാതന്ത്ര്യം, സ്വകാര്യതക്കുള്ള സംരക്ഷണം, വീട്, വസ്ത്രം, ഭക്ഷണം എന്നിവ അനുഭവിച്ചു ജീവിക്കാനുള്ള അവകാശം, നിയമത്തില്‍ തുല്യത, കുറ്റവാളിയെന്നു തെളിയിക്കുന്നത് വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. വ്യത്യസ്ത മതക്കാര്‍ അധിവസിക്കുന്ന, ബഹുസംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം അവകാശങ്ങള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യന്‍ ജനതയില്‍ പക്ഷേ എത്ര പേര്‍ അനുഭവിക്കുന്നുണ്ട് ഈ അവകാശങ്ങള്‍?
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വത്തില്‍ അതിപ്രധാനമായ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ സാംസ്‌കാരിക നായകരും പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കൊലചെയ്യപ്പെടുകയും തടവറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിലവില്‍ രാജ്യത്ത്. ലോക്‌സഭയില്‍ നിന്ന് പ്രതിപക്ഷ എം പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത് ഭരണകൂടം വിയോജിപ്പിന്റെ സ്വരങ്ങളെ ഇല്ലായ്മ ചെയ്യുന്നു. വിയോജിക്കാനുള്ള അവകാശം ഭരണഘടനാദത്തവും ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലുമാണെന്ന് ഭീമാ കൊറേഗാവ് കേസ്, പ്രൊഫ. ജാവേദ് അഹ്മദ് ഹജാം കേസ് തുടങ്ങി നിരവധി വിധിപ്രസ്താവങ്ങളില്‍ സുപ്രീം കോടതി തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എങ്കിലും ഭീതിയോടെയല്ലാതെ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാനാകില്ല രാജ്യത്ത്.
ഈ വര്‍ഷാദ്യത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചര ലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതിയില്‍ നിന്നുള്ള ശിക്ഷാ വിധിയെ തുടര്‍ന്ന് തടവുശിക്ഷ അനുഭവിക്കുന്നത്. ബാക്കി വരുന്ന നാല് ലക്ഷത്തിൽപ്പരമാളുകള്‍ വിചാരണാ തടവുകാരാണ.് കുറ്റവാളിയെന്നു തെളിയിക്കുന്നത് വരെ കുറ്റാരോപിതരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. വേള്‍ഡ് പ്രിസണ്‍ ബ്രീഫിന്റെ സര്‍വേ പ്രകാരം വിചാരണാ തടവുകാരില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. കേരളത്തിലെ ജയില്‍ വാസികളില്‍ 59 ശതമാനവും വിചാരണാ തടവുകാരാണെന്ന്, നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകളെ ആധാരമാക്കി ഹൈക്കോടതി നിരീക്ഷിച്ചതാണ്.
മതം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരിക്കുന്ന കക്ഷിയെ പ്രതിനിധാനം ചെയ്യുന്ന മതസ്ഥരില്‍ പരിമിതമാണ് രാജ്യത്തിപ്പോള്‍. ന്യൂനപക്ഷ മതസ്ഥരെ വംശീയ ഉന്മൂലനം നടത്തുകയും ആരാധനാലയങ്ങള്‍ ഒന്നൊന്നായി കൈയടക്കുകയും മാത്രമല്ല, കുടിക്കാനും ഉടുക്കാനുമുള്ള അവരുടെ മൗലികമായ അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്നു. അവര്‍ എന്ത് കഴിക്കണമെന്നും ഉടുക്കണമെന്നും സര്‍ക്കാറും ഹിന്ദുത്വരും തീരുമാനിക്കുന്ന അവസ്ഥ. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സ്വമേധയാ മതപരിവര്‍ത്തനത്തിനുള്ള അവകാശം. എന്നാല്‍ പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിന് നിരോധം പ്രഖ്യാപിച്ചു കഴിഞ്ഞു. മതന്യൂനപക്ഷങ്ങളുടെ അവകാശ നിഷേധത്തിന്റെ മറ്റൊരു ഉദാഹരണമായി പൗരത്വ ഭേദഗതി നിയമവും നിലനില്‍ക്കുന്നു.
ജനാധിപത്യ സൂചികയില്‍ ഇന്ത്യ കൂപ്പുകുത്തുന്നതിന്റെ മുഖ്യ കാരണം സാര്‍വത്രികമായ മനുഷ്യാവകാശ ലംഘനമാണ്. പട്ടാള അട്ടിമറികളും രാഷ്ട്രീയ കെടുകാര്യസ്ഥതയും അരക്ഷിത ജീവിത വ്യവസ്ഥയും തകര്‍ത്ത ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. 179 രാജ്യങ്ങളില്‍, അവിടങ്ങളിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ആധാരമാക്കി സ്വീഡന്‍ ആസ്ഥാനമായുള്ള “വീ-ഡെം’ (വാരിറ്റീസ് ഓഫ് ഡമോക്രസി) തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബി ജെ പി ഭരണത്തിനു കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം ഗുരുതര ഭീഷണി നേരിടുന്നതായി ലണ്ടനില്‍ നിന്നുള്ള “ദി ഗാര്‍ഡിയന്‍’ പത്രം റിപോര്‍ട്ട് ചെയ്യുന്നു. മനുഷ്യാവകാശ പാലനത്തിന്റെ അനിവാര്യതയെക്കുറിച്ച് മനുഷ്യാവകാശ ലംഘകരായ ഭരണാധികാരികള്‍ നടത്തുന്ന ഉദ്ബോധനങ്ങള്‍, അവകാശ ലംഘനങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ കേള്‍ക്കേണ്ടി വരുന്ന ദുര്യോഗമായി മാറിയിരിക്കുന്നു ഇന്ത്യയില്‍ മനുഷ്യാവകാശ ദിനം.