Connect with us

Kerala

നരബലി ആഭിചാര ക്രിയക്കോ, അവയവ വ്യാപാരത്തിനോ? അന്വേഷണം പുതിയ തലത്തിലേക്ക്

സംസ്ഥാനത്തെ കോര്‍പ്പറേറ്റ് ആശുപത്രി ശൃംഗലകളുമായി ഇലന്തൂരിലെ ഇരട്ട കൊലപാതകത്തിന് ബന്ധമുണ്ടൊയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും

Published

|

Last Updated

പത്തനംതിട്ട | ഇലന്തൂര്‍ ഇരട്ടക്കൊലപാതകം സംബന്ധിച്ച അന്വേഷണം പുതിയ തലത്തിലേക്ക്. ഇരകളുടെ മൃതദേഹാവശിഷ്ടങ്ങളില്‍ പല ആന്തരികാവയവങ്ങളും ഇല്ലെന്ന് വ്യക്തമായതോടെ നരബലി അവയവ വ്യാപാരത്തിനാണോ എന്ന സംശയം ബലപ്പെടുന്നു. അവയവ വ്യാപാരം മറച്ചുവെക്കാൻ പ്രതികൾ ആസൂത്രിതമായി ചമച്ചതാണ് ആഭിചാരക്രിയയെന്ന വാദമെന്ന സംശയമാണ് ഇത് ഉയർത്തുന്നത്.

കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്നാണ് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടറില്‍നിന്ന് പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

റോസ്‌ലിന്റെ മൃതദേഹത്തില്‍ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരള്‍, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. തലച്ചോര്‍ ഭക്ഷിക്കാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവല്‍ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്തുവന്നിട്ടില്ല. ഇതോടെ ആഭിചാര ക്രീയകള്‍ക്കായി നരബലി നടത്തിയെന്ന പ്രതികളുടെ മൊഴി, അന്വേഷണം വഴി തിരിച്ചു വിടാന്‍ പ്രതികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ ഭാഗമായാണോ എന്ന സംശയം ബലപ്പെടുകയാണ്.

കൊലപ്പെടുത്തി ഏറെ നേരത്തിന് ശേഷമാണ് ശരീരം മറവ് ചെയ്തത്. പ്രതികള്‍ അവയവ വില്‍പനയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അവയവങ്ങള്‍ മാറ്റേണ്ടത് വൈദ്യശാസ്ത്രപരമായി ഡോക്ടര്‍മാരുടെ സഹായത്തോടെയായിരിക്കണം. നരബലി നടന്ന ഭഗവത് സിങിന്റെ വീട്ടിലെ മുറിയില്‍ പോസ്റ്റുമോര്‍ട്ടം ടേബിളിന് സമാനമായ വസ്തു കണ്ടെത്തിയത് സംശയത്തിന് ബലം പകരുന്നു. മനുഷ്യ ശരീര ഘടന അറിയാവുന്ന തരത്തിലാണ് ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കിയതെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകി.

വീടിനുള്ളിലെ ഫ്രിഡ്ജില്‍ രക്ത കറ കണ്ടെത്തിയതിലൂടെ ഫ്രിഡ്ജില്‍ മനുഷ്യമാംസം സൂക്ഷിച്ചതിന് തെളിവുകള്‍ ലഭിച്ചിരുന്നു. വീടിനുള്ളില്‍ 10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചെന്നാണ് ദമ്പതികളുടെ മൊഴി. അവയവ മാഫിയുമായി പ്രതികള്‍ക്ക് എതെങ്കിലും തരത്തിലുള്ള ബന്ധത്തിലേക്ക് ഈ തെളിവുകള്‍ വിരല്‍ ചൂണ്ടിയിട്ടുണ്ടോ എന്ന കാര്യവും ഇപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ ഫോണ്‍വിളി രേഖകള്‍ ഇതോടെ കേസില്‍ നിര്‍ണ്ണായകമാവും. സംസ്ഥാനത്തെ കോര്‍പ്പറേറ്റ് ആശുപത്രി ശൃംഗലകളുമായി ഇലന്തൂരിലെ ഇരട്ട കൊലപാതകത്തിന് ബന്ധമുണ്ടൊയെന്ന കാര്യവും അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കും.

Latest