National
മനുഷ്യന്റെ പല്ല് മാരകായുധമല്ല; കടിച്ച് പരുക്കേൽപ്പിച്ച കേസിൽ കോടതി
ഭര്‍ത്താവിന്റെ സഹോദരി കടിച്ചതിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതി റദ്ദാക്കി

മുംബൈ | ഭര്‍ത്താവിന്റെ സഹോദരി കടിച്ച് പരുക്കേല്‍പ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. മനുഷ്യന്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം യുവതിക്ക് നിസാരമായ കടിയേറ്റ പാടും പരുക്കുമാണ് ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരി തന്നെ കടിച്ചതിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. മാരകായുധങ്ങളുമായി ആക്രമിക്കുക, പരുക്കേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 2020ലാണ് കേസിന് ആധാരമായ സംഭവം നടന്നത്.
ഐ പി സി 324 പ്രകാരം മാരകായുധം കൊണ്ടുള്ള ആക്രമണം എന്നാല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്ന നിലയിലുള്ള എന്തെങ്കിലും വസ്തുവുമായുള്ള ആക്രമണമാണെന്നും മറ്റൊരാളെ കടിക്കുന്നത് ഇത്തരത്തില്‍ ഗുരുതരമല്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭാ കന്‍ഗാവാഡി, സഞ്ജയ് ദേശ്മുഖ് എന്നിവര്‍ എഫ് ഐ ആര്‍ റദ്ദാക്കിയത്. സെക്ഷന്‍ 324 പ്രകാരമുള്ള കുറ്റകൃത്യം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രതിയെ വിചാരണ നേരിടാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.