Connect with us

International

മനുഷ്യക്കടത്തു കേസ്; ബംഗ്ലാദേശ്, കുവൈത്ത് മുന്‍ എം പിമാര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പ്രമാദമായ മനുഷ്യക്കടത്ത് കേസില്‍ ബംഗ്ലാദേശ് പാര്‍ലിമെന്റ് മുന്‍ അംഗം ഷാഹിദുല്‍ ഇസ്ലാം, കുവൈത്ത് പാര്‍ലിമെന്റ് മുന്‍ അംഗം സ്വാലിഹ് അല്‍ ഖുര്‍ഷിദ്, ആഭ്യന്തര മന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ അല്‍ ജറാഹ് എന്നിവര്‍ക്ക് കുവൈത്ത് അപ്പീല്‍ കോടതി ഏഴ് വര്‍ഷം വീതം കഠിന തടവും പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതി ഷാഹിദുല്‍ ഇസ്ലാമിനെ ഏഴ് വര്‍ഷം തടവിനും 27,10,000 ദിനാര്‍ പിഴയൊടുക്കാനും ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ രാജ്യത്ത് നിന്ന് ഇയാളെ നാടുകടത്തണമെന്നും ഉത്തരവില്‍ പറയുന്നു. കുവൈത്ത് പാര്‍ലിമെന്റിലെ മുന്‍ അംഗമായ ഖാലിദ് അല്‍ ഖുര്‍ഷിദ്, ആഭ്യന്തര മന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ ജറാഹ് എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതം തടവിനു പുറമേ യഥാക്രമം 7,40,000 ദിനാര്‍, 19,000,70 ദിനാര്‍ വീതം പിഴയും ചുമത്തി. കേസിലെ മറ്റു പ്രതികളായ നവാഫ് അല്‍ ഷലാഹിക്ക് നാല് വര്‍ഷം കഠിന തടവും 19,70,000 ദിനാര്‍ പിഴയും ഹസര്‍ ഖുദര്‍ ന് ഏഴ് വര്‍ഷം തടവും 1,80,000 ദിനാര്‍ പിഴയും കോടതി ശിക്ഷ വിധിച്ചു.

2020 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശ് എം പി ആയിരുന്ന മുഹമ്മദ് ഷാഹിദ് ഉല്‍ ഇസ്ലാമിന്റെ ഉടമസ്ഥതയില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചീകരണ കമ്പനിയില്‍ 20,000ത്തില്‍ പരം തൊഴിലാളികളെ കൊണ്ടുവരികയും ഇവരില്‍ നിന്ന് 2,000 മുതല്‍ മൂവായിരം ദിനാര്‍ വരെ വിസക്കായി വാങ്ങുകയും ചെയ്തു എന്നാണ് കേസ്. ഇതിനു സഹായികളായി പ്രവര്‍ത്തിച്ചവരാണ് മറ്റുള്ളവര്‍. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സമരം ചെയ്തപ്പോഴാണ് ഇവര്‍ തൊഴിലാളികളെ പണം വാങ്ങിയാണ് കുവൈത്തിലേക്ക് കൊണ്ടുവന്നത് എന്ന കാര്യം പുറത്തായത്. ഇതോടെ അധികൃതര്‍ നിയമ നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

 

Latest