National
മനുഷ്യക്കടത്ത്; പ്രതി ഈശ്വരി അറസ്റ്റില്‍
കൊല്ലം | മനുഷ്യക്കടത്തു കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ സ്വദേശിനിയും കേസിലെ ഏഴാം പ്രതിയുമായ ഈശ്വരിയെയാണ് തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നുള്ള ശ്രീലങ്കന്‍ അഭയാര്‍ഥികളെ കനഡയിലേക്ക് കടത്തിയെന്നാണ് കേസ്. കന്യാകുമാരി ക്യൂ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ബാല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈശ്വരിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈശ്വരിയുടെ പേരില്‍ നീണ്ടകരയില്‍ നിന്ന് വാങ്ങിയ ബോട്ടിലാണ് 80 അംഗ സംഘം കനഡയിലേക്ക് പുറപ്പെട്ടതെന്ന് ക്യൂബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് തിരുനല്‍വേലി പെരുമാള്‍പുരം ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള സംഘമാണ് രാമേശ്വരത്തുനിന്ന് കടല്‍മാര്‍ഗം കനഡയിലേക്ക് പോയത്. ഈശ്വരിയുടെ ബന്ധു കരുണാനിധിയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ബോട്ടിന് രൂപമാറ്റം വരുത്തിയെന്നും ഡീസല്‍ ടാങ്കിന്റെ വലിപ്പം വര്‍ധിപ്പിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായി.