Connect with us

From the print

മനുഷ്യക്കടത്ത്; കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ തിരിച്ചെത്തി

ഇന്നലെ രാവിലെ 12ന് കംബോഡിയയിൽ നിന്ന് മലേഷ്യ വഴിയുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്.

Published

|

Last Updated

വടകര | ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ പേരിൽ തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ ഏഴ് മലയാളി യുവാക്കൾ നാട്ടിൽ തിരിച്ചെത്തി. വടകര മണിയൂർ പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, പിലാതോട്ടത്തിൽ സെമിൽ ദേവ്, തോടന്നൂർ എടത്തുംകര ചങ്ങരോത്ത് കണ്ടി അഭിനന്ദ്, മന്തരത്തൂർ പുളിക്കൂൽ താഴകുനി അരുൺ, തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗലാപുരം സ്വദേശി റോഷൻ ആന്റണി എന്നിവരാണ് ഇന്നലെ രാത്രി 10.45ഓടെ കൊച്ചിയിലെത്തിയത്. ഇന്ന് ഉച്ചയോടെ ഇവർ നാട്ടിലെത്തും.

ഇന്നലെ രാവിലെ 12ന് കംബോഡിയയിൽ നിന്ന് മലേഷ്യ വഴിയുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. ബന്ധുക്കളാണ് വിമാന ടിക്കറ്റ് എടുത്തുനൽകിയത്. യുവാക്കളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഷാഫി പറമ്പിൽ എം പി, കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ എന്നിവർ വിദേശകാര്യ മന്ത്രിയുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു. രണ്ട് യുവാക്കളുടെ പാസ്സ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ വിമാനത്താവളത്തിൽ പിഴയടക്കാൻ ഷാഫി പറമ്പിലിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. ഇവർക്കൊപ്പം തട്ടിപ്പിനിരയായ പേരാമ്പ്ര സ്വദേശിയായ അഭിൻ ബാബു സുരക്ഷിതമാണെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. പേരാമ്പ്ര സ്വദേശിയെ കണ്ടത്താൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് എം പി പറഞ്ഞു.
ഈ മാസം മൂന്നിനാണ് പരിചയക്കാരനായ അനുരാഗ് തെക്കെ മലയിൽ വഴി ഐ ടി മേഖലയിലെ ജോലിക്കായി യുവാക്കൾ തായ്‌ലാൻഡിലെത്തിയത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപ വീതം വിസക്കെന്ന പേരിൽ അനുരാഗും സംഘവും കൈക്കലാക്കിയിരുന്നു. തായ്‌ലാൻഡിലെത്തിയ യുവാക്കളുടെ പാസ്സ്പോർട്ട് സംഘം കൈവശപ്പെടുത്തി. യുവാക്കളെ കംബോഡിയൻ കമ്പനിക്ക് വിൽക്കുകയായിരുന്നു നീക്കം. തട്ടിപ്പ് മനസ്സിലാക്കിയ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം ഇവരെ തടവിലാക്കി. ഭക്ഷണവും വെള്ളവും കിട്ടാതെ വലിയ പീഡനവും മർദനവുമാണ് യുവാക്കൾക്ക് പിന്നീട് നേരിടേണ്ടിവന്നത്. കംബോഡിയയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ടാക്‌സി ഡ്രൈവർ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു.
മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടത്തണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. യുവാക്കളെ നാട്ടിലെത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നന്ദി പറഞ്ഞു.

Latest