Kerala
വിമാനത്താവളങ്ങള്‍ വഴി മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍
ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (32)നെയാണ് അറസ്റ്റ് ചെയ്തത്.
മംഗലാപുരം | രാജ്യത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (32)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബേങ്ക് രേഖകള്‍ എന്നിവ കണ്ടെടുത്തു. രണ്ട് പേരെ വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവരുന്ന വഴിയാണ് പോലീസ് അബ്ദുല്‍ ഷുക്കൂറിനെ പിടികൂടിയത്.
കഴിഞ്ഞ മാസം 27 ന് ഇന്ത്യക്കാരാണെന്ന വ്യാജേന നെടുമ്പാശ്ശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി. വ്യാജ രേഖകള്‍ തയാറാക്കി നല്‍കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.