Kerala
റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; എ ഡി ജി പി എസ് ശ്രീജിത്ത് അന്വേഷിക്കും
റഷ്യയില്‍ കൊല്ലപ്പെട്ട ബിനിലിന്റെയും പരിക്കേറ്റ ജെയിന്‍ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി
തിരുവനന്തപുരം | റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് കേരളത്തില്‍ നിന്നുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ എഡി ജി പി എസ് ശ്രീജിത്തിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു.
റഷ്യയില്‍ കൊല്ലപ്പെട്ട ബിനിലിന്റെയും പരിക്കേറ്റ ജെയിന്‍ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി. യുവാക്കളുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന 16 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതുവരെ റഷ്യന്‍ സേനയില്‍ ചേര്‍ന്ന 12 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ-യുക്രൈയിന്‍ യുദ്ധത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
18 ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ പട്ടാളത്തില്‍ തുടരുന്നുണ്ടെന്നാണ് വിവരം. 126 പേരാണ് ഇന്ത്യയില്‍ നിന്ന് റഷ്യന്‍ ആര്‍മിയില്‍ ചേര്‍ന്നത്. ഇതില്‍ 96 പേര്‍ തിരിച്ചെത്തി. യുദ്ധത്തില്‍ പരുക്കേറ്റ ടി കെ ജയില്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ എംബസി ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ചികിത്സക്ക് ശേഷം ഇദ്ദേഹത്തിന് വേഗം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.