Connect with us

Editorial

യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്

ഔദ്യോഗിക കണക്കനുസരിച്ച് കേരളീയരടക്കം മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ അകപ്പെട്ട 126 ഇന്ത്യക്കാര്‍ ഇതിനകം റഷ്യന്‍ പട്ടാളത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരില്‍ 96 പേര്‍ തിരിച്ചെത്തി. 12 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ എവിടെയെന്ന് ഒരു വിവരവുമില്ല.

Published

|

Last Updated

മനുഷ്യക്കടത്തിന്റെ നടുക്കുന്ന ലോകത്തേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് റഷ്യ-യുക്രൈന്‍ യുദ്ധമുഖത്ത് പന്ത്രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്ത. മനുഷ്യക്കടത്ത് സംഘങ്ങള്‍ ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് കടത്തിയവരാണ് റഷ്യയുടെ കൂലിപ്പട്ടാളക്കാരാകാന്‍ നിര്‍ബന്ധിതരായതും യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതും. ഔദ്യോഗിക കണക്കനുസരിച്ച് കേരളീയരടക്കം മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ അകപ്പെട്ട 126 ഇന്ത്യക്കാര്‍ ഇതിനകം റഷ്യന്‍ പട്ടാളത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരില്‍ 96 പേര്‍ തിരിച്ചെത്തി. 12 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ എവിടെയെന്ന് ഒരു വിവരവുമില്ല.

റഷ്യയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മനുഷ്യക്കടത്ത് മാഫിയ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. റഷ്യന്‍ സര്‍ക്കാറിനു കീഴില്‍ ഓഫീസ് ജോലി, സെക്യൂരിറ്റി ഓഫീസര്‍, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, ഹോട്ടല്‍ ജോലി തുടങ്ങി മികച്ച ശമ്പളമുള്ള തൊഴില്‍ വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് മനുഷ്യക്കടത്ത് മാഫിയ യുവാക്കളെ ആകര്‍ഷിക്കുന്നത്. ലക്ഷങ്ങള്‍ ശമ്പളവും പുറമെ മികച്ച അലവന്‍സും റഷ്യന്‍ പൗരത്വവും വാഗ്ദാനം ചെയ്യും. അതേസമയം കൂലിപ്പട്ടാളത്തില്‍ ചേരുന്ന ആര്‍ക്കും റഷ്യന്‍ സര്‍ക്കാര്‍ പൗരത്വം നല്‍കുന്നതായി അറിവില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

തിരുവനന്തപുരത്ത് 2024 ഫെബ്രുവരി ആദ്യത്തില്‍ വാട്സ്ആപ്പില്‍ ഷെയര്‍ചെയ്തു കിട്ടിയ സെക്യൂരിറ്റി ഓഫീസറുടെ ജോലി കണ്ടാണ് ചില യുവാക്കള്‍ ഏജന്റിനെ സമീപിച്ചത്. 1.95 ലക്ഷം രൂപ ശമ്പളവും 50,000 രൂപ അലവന്‍സും ഏജന്റ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തു. ഏജന്റിന്റെ സഹായത്തോടെ യുവാക്കള്‍ ഡല്‍ഹിയിലും തുടര്‍ന്ന് റഷ്യയിലും എത്തി. കുറഞ്ഞ ദിവസത്തെ സൈനിക പരിശീലനത്തിനു ശേഷം ഇവരോട് പട്ടാളത്തില്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. റഷ്യയിലെത്തുന്ന വിദേശ യുവാക്കളുടെ പാസ്സ്പോര്‍ട്ടും മൊബൈല്‍ഫോണും നിര്‍ബന്ധപൂര്‍വം വാങ്ങിവെച്ച ശേഷമാണ് ഭീഷണിപ്പെടുത്തി മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുന്നത്. ഫോണ്‍ പിടിച്ചുവെക്കുന്നത് മൂലം കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാനും ചതിയിലകപ്പെട്ട വിവരം അവരെ അറിയിക്കാനും സാധിക്കില്ല.

മതിയായ പരിശീലനം ലഭിച്ച പ്രൊഫഷനല്‍ പട്ടാളക്കാര്‍ക്ക് പോലും യുദ്ധമുഖത്ത് പിടിച്ചു നില്‍ക്കുക അതീവ ശ്രമകരമാണ്. അതേസമയം, മനുഷ്യക്കടത്ത് മാഫിയകള്‍ കയറ്റിവിടുന്ന യുവാക്കള്‍ യുദ്ധമുഖത്ത് അവലംബിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അറിയാത്തവരാണ്. മരണമുഖത്തേക്കാണ് മാഫിയ ഇവരെ തള്ളിവിടുന്നത്. റഷ്യയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മൂന്ന് ഏജന്റുമാരെ എറണാകുളം പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. റഷ്യന്‍ പൗരത്വമുള്ള മലയാളിയും മുഖ്യ ഏജന്റുമായ സന്ദീപ് തോമസ്, സിബി ഔസേപ്പ്, സുമേഷ് ആന്റണി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മെയില്‍ തിരുവനന്തപുരത്തെ ചില ട്രാവല്‍ ഏജന്‍സി ഓഫീസുകള്‍ സി ബി ഐ റെയ്ഡ് നടത്തുകയും രണ്ട് മനുഷ്യക്കടത്ത് ഏജന്റുമാരെ പിടികൂടുകയും ചെയ്തിരുന്നു.

തട്ടിപ്പോ വഞ്ചനയോ നടത്തിയിട്ടില്ലെന്നും റഷ്യയിലേക്ക് ജോലിക്ക് പോയവരെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് വിമാനം കയറിയതെന്നുമാണ് പിടിയിലായ ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ റഷ്യയിലേക്ക് കയറ്റി അയച്ചവരില്‍ നിന്ന് ഏജന്റുമാര്‍ കരാര്‍ കൃത്യമായി എഴുതാത്ത മുദ്രപത്രങ്ങള്‍ ഒപ്പിട്ടു വാങ്ങുന്നതായി റഷ്യയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയ ഇരകള്‍ വ്യക്തമാക്കി. ഇങ്ങനെ വാങ്ങിവെക്കുന്ന മുദ്രപത്രങ്ങളില്‍ ഏജന്റുമാര്‍ പിന്നീട്, പൂര്‍ണ സമ്മതത്തോടെയും റഷ്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധരായുമാണ് യുവാക്കള്‍ വിമാനം കയറിയതെന്ന് വരുത്തുന്ന വിധം കരാറുകള്‍ എഴുതിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ മാസം അഞ്ചിന് യുദ്ധമുഖത്ത് കൊല്ലപ്പെട്ട എറണാകുളം മേക്കാട് സന്ദീപ് തോമസിന്റെ കരാര്‍ പത്രത്തില്‍, റഷ്യയെ സേവിക്കാനും സൈന്യത്തില്‍ ചേരാനും സന്നദ്ധമാണെന്നു സമ്മതിച്ച് ഒപ്പിട്ടതായി കാണാം. സന്ദീപിന്റെ മരണ ശേഷമാണ് ഈ വരികള്‍ എഴുതിച്ചേര്‍ത്തതെന്നാണ് പറയപ്പെടുന്നത്.

റഷ്യയില്‍ നിലവില്‍ യുദ്ധമുഖത്ത് മൂന്ന് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1,200 കി.മീറ്റര്‍ അകലെ ബഹ്മത്ത് എന്ന പ്രദേശത്തെ പട്ടാള ക്യാമ്പിലാണ് ഇവര്‍ എത്തിപ്പെട്ടത്. യുദ്ധമുഖത്ത് ഇപ്പോള്‍ സുരക്ഷിതരാണെങ്കിലും ഏത് സമയവും അന്തരീക്ഷം മാറാന്‍ സാധ്യതയുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ഈ മൂന്ന് പേര്‍ക്കപ്പുറം റഷ്യന്‍ യുദ്ധമുഖത്ത് കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സി ബി ഐ നിഗമനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് മാഫിയയുടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുതല്‍ വ്യാപകമാണെന്ന് ബോധ്യമായത്. എത്ര മലയാളികള്‍ മാഫിയയുടെ കെണിയില്‍ അകപ്പെട്ടു എന്നതിന് വ്യക്തമായ തെളിവില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയയെക്കുറിച്ചും വിശദവും സമഗ്രമവുമായ അന്വേഷണം നടത്തേണ്ടതുണ്ട്.

റഷ്യയിലേക്ക് മാത്രമല്ല, മറ്റു വിവിധ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് മാഫിയ യുവാക്കളെ ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്ന പ്രലോഭനവുമായി കയറ്റിവിടുന്നുണ്ട്. മുനമ്പത്ത് നിന്ന് 40ഓളം പേരടങ്ങുന്ന ഒരു ബോട്ട് 2019 ഫെബ്രുവരി 12ന് ഇന്ത്യന്‍ തീരം വിട്ടതോടെയാണ് കേരളത്തില്‍ നിന്നുള്ള മനുഷ്യക്കടത്ത് ശ്രദ്ധിക്കപ്പെടുന്നത്. മുനമ്പം തീരത്ത് നിന്ന് തിരിച്ചറിയല്‍ രേഖകളടക്കമുള്ള ചിലരുടെ ബാഗുകള്‍ ലഭിച്ചതോടെയാണ് അത് മനുഷ്യക്കടത്തായിരുന്നുവെന്ന് വെളിപ്പെട്ടത്. ആസ്ത്രേലിയയിലാണ് യാത്രക്കാര്‍ എത്തിച്ചേര്‍ന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചില്ല. അവരെവിടെയാണുള്ളതെന്ന് ഇപ്പോഴും അജ്ഞാതമാണ്.

 

Latest