Connect with us

Kerala

മനുഷ്യപ്പറ്റിലേക്ക് ആഴ്ന്നിറങ്ങി മാനവ സഞ്ചാരം; ഊഷ്മളം, ഇടുക്കിയിലെ സ്വീകരണം

യാത്ര ബുധനാഴ്ച കോട്ടയത്ത്.

Published

|

Last Updated

മാനവ സഞ്ചാരത്തോടനുബന്ധിച്ച് ഇടുക്കി അടിമാലിയില്‍ യാത്രാ നായകന്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദ നടത്തം

ഇടുക്കി | ഈ യാത്ര കൃത്യമായും ആഴ്ന്നിറങ്ങുന്നത് മനുഷ്യപ്പറ്റിലേക്ക് തന്നെ. മലബാറും മധ്യകേരളവും കടന്ന് മൂന്നാറിന്റെ താഴ്വരയിലെത്തിയ മാനവ സഞ്ചാരത്തെ കാത്തിരുന്നത് പ്രതീക്ഷയുടെ കണ്ണുകള്‍. യാത്രാ നായകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയെ തേടി ഇന്ന് മൂന്നാര്‍ മലമുകളിലെ ശരവണനും ഗുരുസ്വാമിയും എത്തിയത് പ്രതീക്ഷയുടെ തുരുത്ത് അന്വേഷിച്ച്. കിടന്നുറങ്ങാന്‍ കൂരയില്ലാതെ കഷ്ടപ്പെടുന്ന മൂന്നാര്‍ മലയോരത്തെ നൂറുകണക്കിനാളുകളുടെ വര്‍ത്തമാനങ്ങള്‍ അധികാരികളുടെ മുന്നില്‍ മുഖ്യമായും ഉന്നയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

സുഗന്ധ വ്യഞ്ജനങ്ങളുടെ മണവും രുചിയും വീശിയടിക്കുന്ന ഇടുക്കിയിലെ വെളുപ്പില്‍ പ്രഭാത നടത്തത്തോടെയാണ് ഇന്ന് മാനവസഞ്ചാരം പടയോട്ടം ആരംഭിച്ചത്. അടിമാലി ടൗണില്‍ ഡോ. അസ്ഹരി നടത്തത്തിന് നേതൃത്വം നല്‍കി. ബയോ ഡൈവേഴ്സിറ്റി നോളജ് സെന്ററില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പശ്ചിമഘട്ടത്തിലെ മരങ്ങളെയും മൃഗങ്ങളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ടൗണില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ കുന്നിന്‍ മുകളില്‍ തട്ടേകണ്ണന്‍കുടി ഊരുകളിലെത്തിയ അസ്ഹരി ആദിവാസികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് ടൗണ്‍ഹാളില്‍ നടന്ന യുവജന-സംരംഭകത്വ സംഗമം ശ്രദ്ധേയമായി. ശേഷം നടന്ന സൗഹൃദ നടത്തത്തില്‍ ചാറ്റല്‍ മഴയെ അവഗണിച്ച് മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അണിനിരന്നു.

കേരള മുസ്‌ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് എ കെ അബ്ദുല്‍ ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, ടി കെ അബ്ദുല്‍ കരീം സഖാഫി സന്ദേശപ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ പ്രാര്‍ഥന നടത്തി. യാത്രാനായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വീകരണ സംഗമത്തെ അഭിസംബോധന ചെയ്തു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സാഹിത്യകാരന്‍ സത്യന്‍ കോനാട്ട്, കെ എം മൂസ ഹാജി, റവ. പി കെ മാമ്മന്‍, പി എസ് ശങ്കരന്‍ ശാന്തി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എസ് സിയാദ്, റഹ്മത്തുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി സംസാരിച്ചു.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍, യൂസുഫ് അന്‍വരി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഷാജഹാന്‍ മുഈനി, ശിഹാബുദ്ദീന്‍ നൂറാനി സംബന്ധിച്ചു. പ്രൊഫ. ഷറഫുദ്ദീന്‍ ഉടുമ്പന്നൂര്‍ സ്വാഗതവും സി പി മുസ്തഫ അഹ്‌സനി നന്ദിയും പറഞ്ഞു. ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നാളെ 12-ാം ദിനത്തില്‍ കോട്ടയത്ത് പ്രവേശിക്കും.

 

Latest