From the print
ചേര്‍ന്നുനില്‍പ്പിന്റെ രാഷ്ട്രീയം പറഞ്ഞ് മാനവ സഞ്ചാരം
വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന മാനവ സംഗമം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ | മനുഷ്യ സൗഹൃദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശവുമായെത്തിയ മാനവ സഞ്ചാരത്തെ വയനാട് ജില്ല ഹൃദയം കൊണ്ട് വരവേറ്റു. പ്രകൃതിദുരന്തമേല്‍പ്പിച്ച മുറിവുകളുടെ ഓര്‍മകളില്‍ ജീവിക്കുന്ന മനുഷ്യരോട് ഒത്തുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞും അതിജീവനത്തിന് ഒപ്പമുണ്ടാകുമെന്നുറപ്പ് നല്‍കിയുമാണ് മാനവ സഞ്ചാരം വയനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കിയത്. പ്രഭാത നടത്തത്തോടെയാണ് മൂന്നാം ദിവസത്തെ മാനവ സഞ്ചാരം ആരംഭിച്ചത്.
ജാഥാംഗങ്ങള്‍ക്കൊപ്പം നടന്ന് നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് നാട്ടുകാരും സംഘടനാ പ്രവര്‍ത്തകരും പുലര്‍കാലത്തെ സജീവമാക്കി. രാവിലെ ഒന്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ കല്‍പ്പറ്റ ക്രിസ്റ്റല്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ടേബിള്‍ ടോക്കില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു.
യുവത്വം, സംരംഭകത്വം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ അതിഥികള്‍ ആശയങ്ങള്‍ പങ്കുവെച്ചു. പുതിയകാലത്തോട് ചേര്‍ന്നുനിന്ന് യുവത്വത്തെയും അവരുടെ വൈഭവങ്ങളെയും സൃഷ്ടിപരമായി പ്രയോഗിക്കുന്നതിനെ കുറിച്ച് ടേബിള്‍ ടോക്ക് വിശദമായി ചര്‍ച്ച ചെയ്തു. ബഹുജന സമ്പര്‍ക്കത്തിന്റെ ഭാഗമായി തപോവനം വൃദ്ധസദനം, നിര്‍മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍, ഉറവ , സെറികള്‍ച്ചര്‍ ഫാം തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പത്മശ്രീ ചെറുവയല്‍ രാമന്‍, മാധ്യമപ്രവര്‍ത്തകന്‍ വിനോദ് കെ ജോസ് തുടങ്ങിയവരുമായി യാത്രാംഗങ്ങള്‍ സംവദിച്ചു.
വൈകിട്ട് നാലിന് എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച സൗഹൃദ നടത്തത്തില്‍ സമുദായ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും പങ്കാളികളായി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സൗഹൃദ നടത്തത്തിന് ശേഷം നടന്ന മാനവ സംഗമം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
കേരളം നേടിയ പുരോഗതിയെ നശിപ്പിക്കും വിധത്തിലുള്ള ചില പ്രവണതകള്‍ സമീപകാലത്ത് സംസ്ഥാനത്ത് സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഴയകാലത്തെ പ്രതിലോമകരമായ ആശയങ്ങളിലേക്ക് കേരളം തിരിച്ചുപോയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അപരിഹാര്യമായിരിക്കും. വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം അത്തരം കാര്യങ്ങളെ പ്രതിരോധിക്കുക എന്നതാണ്. കേരളം തിരിഞ്ഞു നടക്കുകയല്ല, ദീര്‍ഘവീക്ഷണത്തോടെ വിഭജന ആശയങ്ങളെ ചെറുക്കാന്‍ പുതിയ വഴികള്‍ വെട്ടി ത്തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പി ഹസന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ , ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ടില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംശാദ് മരക്കാര്‍, സി കെ ശശീന്ദ്രന്‍, അഡ്വ. ടി ജെ ഐസക്, എന്‍ ഡി അപ്പച്ചന്‍, പി ഗഗാറിന്‍, കെ കെ അഹ്്മ്മദ് ഹാജി, ഇ ജെ ബാബു, പി പി ആലി, മുഹമ്മദ് പഞ്ചാര എന്നിവര്‍ സംസാരിച്ചു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി വിഷയാവതരണം നടത്തി.