Kerala
മനുഷ്യ-വന്യജീവി സംഘര്‍ഷം: ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം 21.47 ഇരട്ടിയായി
15 വര്‍ഷത്തിനിടയില്‍ ജീവന്‍ നഷ്ടമായത് 1,575 പേര്‍ക്ക്.

പത്തനംതിട്ട | കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം 21.47 ഇരട്ടിയായി വര്‍ധിച്ചു. 2010-11 മുതല്‍ 2025 ജനുവരി 31 വരെ സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ 10,945 പേര്‍ക്ക് പരുക്കേറ്റതായാണ് വനം വകുപ്പിന്റെ രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടത് 1,575 പേര്‍ക്കും.
2010-11ല്‍ 73 പേര്‍ക്കാണ് വന്യജീവി ആക്രമണങ്ങളില്‍ പരുക്കേറ്റിരുന്നത്. 2023-24ല്‍ ഇത് 1,603 ലേക്ക് ഉയര്‍ന്നു. ഇത് കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2025 ജനുവരി 31 വരെ 1,235 പേരും വന്യജീവി ആക്രമണത്തിനിരയായി.
എന്നാല്‍, മുന്‍ വര്‍ഷങ്ങളിലെ കണക്കെടുത്ത് പരിശോധിച്ചാല്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുമ്പോഴും ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. 2021-22ല്‍ 113 പേര്‍ക്കും 2022-23ല്‍ 89 പേര്‍ക്കും 2023-24ല്‍ 76 പേര്‍ക്കും 2024-25 ജനുവരി 31 വരെ 53 പേര്‍ക്കുമാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി വനമേഖലയോടു ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് സംവിധാനം അവഗണിക്കുന്നതാണ് അനിഷ്ട സംഭവങ്ങള്‍ക്ക് പ്രധാന കാരണമായി സംസ്ഥാന വനം വകുപ്പ് വിലയിരുത്തുന്നത്. മനുഷ്യ-വന്യജീവി സംഘര്‍ത്തില്‍ ജീവഹാനി സംഭവിച്ചവരുടെ വിശദാംശങ്ങളും ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായവും സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട വനം ഡിവിഷനുകളില്‍ നിന്നും ശേഖരിച്ചു വരുന്നതായാണ് മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നത്.