Editors Pick
മനുഷ്യർക്ക് പ്രവേശനമില്ല; ഇത് പാമ്പുകൾക്ക് മാത്രമായുള്ള ദ്വീപ്
ബ്രസീലിയൻ നാവികസേനയ്ക്കും തിരഞ്ഞെടുത്ത ഗവേഷകർക്കും മാത്രമേ ദ്വീപ് സന്ദർശിക്കാൻ അനുവാദമുള്ളൂ.
ബ്രസീലിലെ സാവോ പോളോ തീരത്തുനിന്നും 93 മൈൽ മാറി ഒരു ദ്വീപുണ്ട്. എന്നാൽ ആരും ഈ ദ്വീപിലേക്ക് പോകാറില്ല. ദ്വീപിലേക്ക് പ്രവേശനമില്ല എന്നുപറയുന്നതാകും ശരി. കാരണമെന്തെന്നോ? ഇത് കൊടുംവിഷമുള്ള അനേകായിരം പാമ്പുകൾ വസിക്കുന്ന ദ്വീപാണ്. ലാ ഇഹാ ഡ ക്യൂമാഡ ഗ്രാൻഡെ അഥവാ പാമ്പുകളുടെ ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത്. വെറും 106 ഏക്കർ മാത്രമാണ് ഇതിൻ്റെ വിസ്‌തൃതി.ഉഗ്രവിഷമുള്ള ആയിരക്കണക്കിന് ഗോൾഡൻ ലാൻസ്‌ഹെഡ് പിറ്റ് വൈപ്പറുകളുടെ ആവാസകേന്ദ്രമാണിത്. അതുകൊണ്ട് തന്നെ ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നാണ് ഇതെന്ന് നിസ്സംശയം പറയാം.
200 ചതുരശ്ര മീറ്ററിൽ ഒന്നോ രണ്ടോ പാമ്പുകൾ വീതമുള്ള 2,000 മുതൽ 4,000 വരെ ഗോൾഡൻ ലാൻസ്‌ഹെഡ് പിറ്റ് വൈപ്പറുകൾ ഈ ദ്വീപിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ബ്രസീലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 90 ശതമാനത്തിനും ഈ പാമ്പുകളാണ് ഉത്തരവാദികൾ. ജനങ്ങളുടെയും പാമ്പുകളുടെയും സംരക്ഷണത്തിനായി ദ്വീപിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ബ്രസീലിയൻ നാവികസേനയ്ക്കും തിരഞ്ഞെടുത്ത ഗവേഷകർക്കും മാത്രമേ ദ്വീപ് സന്ദർശിക്കാൻ അനുവാദമുള്ളൂ.
സ്നേക്ക് ഐലന്റിൽ 1920 -കളുടെ അവസാനം വരെ ആളുകൾ താമസിച്ചിരുന്നു എന്നാണ് ചരിത്രം. ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരനും കുടുംബവുമാണ് അവസാനമായി അവിടെ താമസിച്ചിരുന്നത്. എന്നാൽ ഒരു ദിവസം ജനൽപ്പടിയിലൂടെ ഇഴഞ്ഞുകയറിയ പാമ്പുകളുടെ കടിയേറ്റ് ആ കുടുംബം കൊല്ലപ്പെട്ടു. ഇന്ന്, നാവികസേന ഇടയ്ക്കിടെ ലൈറ്റ് ഹൗസ് പരിപാലനത്തിനായി അവിടം സന്ദർശിക്കുകയും ആളുകൾ ആരും ദ്വീപിനടുത്ത് അലഞ്ഞുതിരിയുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
എങ്ങനെയാണ് ഇത്രയധികം പാമ്പുകൾ ആ ദ്വീപിൽ വന്നത് എന്നതിനെ കുറിച്ച് പല കഥകളുമുണ്ട്. അതിലൊന്ന്, കടൽകൊള്ളക്കാർ ഇവിടെ നിധികൾ കുഴിച്ചിട്ടുണ്ടെന്നും അവയെ സംരക്ഷിക്കാനായിട്ടാണ് പാമ്പുകളെ തുറന്ന് വിട്ടതാണെന്നുമാണ്. എന്നാൽ, സമുദ്രനിരപ്പ് ഉയർന്നതിൻ്റെ ഫലമായിട്ടാണ് ഇവിടെ പാമ്പുകൾ ഉണ്ടായത് എന്നതാണ് വാസ്‍തവം. സ്നേക്ക് ദ്വീപ് ബ്രസീലിൻ്റെ പ്രധാന ഭൂപ്രദേശത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ 10,000 വർഷങ്ങൾക്ക് മുമ്പ് സമുദ്രനിരപ്പ് ഉയർന്നപ്പോൾ, അത് ഭൂപ്രദേശത്തെ വേർതിരിച്ച് ഒരു ദ്വീപായി മാറി എന്നാണ് കരുതുന്നത്.