From the print
മനുഷ്യരൊന്നിച്ചു; മാനവസഞ്ചാരത്തിന് മഹാസമാപ്തി
യാത്രയിൽ അണിനിരന്ന് ആയിരങ്ങൾ
തിരുവനന്തപുരം | മാനവിക ആശയങ്ങളുടെ കുളിർമഴ തീർത്ത് മാനവസഞ്ചാരത്തിന് അനന്തപുരിയിൽ ഉജ്ജ്വല സമാപനം. സമസ്ത കേരള സുന്നി യുവജന സംഘം ഉയർത്തിയ “ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ഉള്ളുതൊടുന്ന പ്രമേയത്തെ തലസ്ഥാന നഗരിയിൽ ഒരുമയുടെ കേരളം നെഞ്ചോട് ചേർത്ത് സ്വീകരിച്ചു. മത- സാംസ്‌കാരിക- രാഷ്ട്രീയ പ്രമുഖർ തോൾ ചേർന്ന് അണിനിരന്ന സൗഹൃദ നടത്തം നാടിന് വിസ്മയമായി. പ്രസിദ്ധമായ പാളയം മസ്ജിദ് പരിസരത്ത് നിന്നാണ് ആയിരങ്ങളെ അണിനിരത്തി സഞ്ചാരം ആരംഭിച്ചത്. എം പിമാരായ ഡോ. ശശി തരൂർ, എ എ റഹീം, കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ സുന്നി യുവതക്കൊപ്പം കൈകോർത്തു.
ആയിരങ്ങൾ അണിനിരന്ന യാത്ര തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് മുന്നിലൂടെ സഞ്ചരിച്ച് കനകക്കുന്നിലാണ് സമാപിച്ചത്. ശേഷം നിശാഗന്ധിയിൽ നടന്ന മാനവ സംഗമം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
രാവിലെ തിരുവനന്തപുരം വർക്കലയിൽ പ്രഭാത നടത്തത്തിന് മാനവസഞ്ചാരം നായകനും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകി. ശേഷം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയെ സന്ദർശിച്ചു. നഗരത്തിൽ തമ്പാനൂരിലെ അപോളോ ഡിമോറയിൽ നടന്ന ടേബിൾ ടോക്കും സംരംഭക സംഗമവും പ്രൗഢമായിരുന്നു. മാനവ സഞ്ചാരത്തിൽ ഉയർന്നുവന്ന ആശയങ്ങളും ചർച്ചകളും സംഗ്രഹിച്ച് തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് ഡോ. അസ്ഹരി സമർപ്പിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. എം പിമാരായ ഡോ. ശശി തരൂർ, എ എ റഹീം വിശിഷ്ടാതിഥികളായി. എം എൽ എമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ എന്നിവരും മുൻ എം എൽ എ. കെ എസ് ശബരീനാഥ്, സ്വാമി സന്ദീപാനന്ദ ഗിരി ആചാര്യ, കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്, റവ. ഫാദർ ജോർജ് ജോഷ്വാ, ബിഷപ് ഡോ. ജോർജ് ഈപ്പൻ, കേരള ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റശീദ്, ബിഷപ് ഡോ. ശെൽവദാസ് പ്രമോദ്, ദക്ഷിണ കേരള മഹാ ഇടവകയിലെ റവ. ഫാദർ ജെ ജയരാജ്, വർക്കല രാജ് പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്സയ്യിദ് ത്വാഹ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, എ ത്വാഹ മൗലവി കായംകുളം, എസ് എസ് എഫ് കേരള ജനറൽ സെക്രട്ടറി സി ആർ കുഞ്ഞിമുഹമ്മദ്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുർറഹ്‌മാൻ സഖാഫി വിഴിഞ്ഞം, മജീദ് കക്കാട്, എ മുഹമ്മദ് പറവൂർ, റഹ്‌മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എം മുഹമ്മദ് സ്വാദിഖ്, ആർ പി ഹുസൈൻ ഇരിക്കൂർ, പി കെ മുഹമ്മദ് ബാദ്ഷ സഖാഫി, സി ടി ഹാശിം തങ്ങൾ, വി എച്ച് അലി ദാരിമി, സി എ ഹൈദ്രോസ് ഹാജി, സയ്യിദ് നാസിമുദ്ദീൻ തങ്ങൾ, സയ്യിദ് അബ്ദുന്നാസിർ തങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു. സിദ്ദീഖ് സഖാഫി നേമം സ്വാഗതവും സനൂജ് വഴിമുക്ക് നന്ദിയും പറഞ്ഞു.
ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം 27 മുതൽ 29 വരെ തൃശൂരിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലിക്ക് മുന്നോടിയായാണ് കാസർകോട് നിന്ന് മാനവസഞ്ചാരം ആരംഭിച്ചത്. സമൂഹത്തിന്റെ നാനാ തട്ടിലെ മനുഷ്യരുമായി സംസാരിച്ച് ഒട്ടനവധി ആശയങ്ങൾ ക്രോഡീകരിച്ചാണ് കേരളത്തിലെ മുഴുവൻ ജില്ലകളിലും തമിഴ്നാട്ടിലെ നിലഗിരിയിലുംപര്യടനം നടത്തിയ ശേഷം യാത്ര തിരുവനന്തപുരത്ത് സമാപിച്ചത്.