Connect with us

National

മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ചത് ഒറ്റപ്പെട്ട സംഭവമല്ല: സുപ്രീം കോടതി

മെയ് 3 മുതൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ച് എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡൽഹി | മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്.

കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നത് വൈകിയതിൽ മണിപ്പൂർ സർക്കാരിനെ സുപ്രീം കോടതി ചോദ്യം ചെയ്തു.സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് 14 ദിവസം എടുത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് ചോദിച്ചു.

“മെയ് 4 ന് സംഭവം നടന്നപ്പോൾ എന്തുകൊണ്ട് മെയ് 18 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു? മെയ് 4 മുതൽ 18 വരെ പോലീസ് എന്താണ് ചെയ്തത്? സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും രണ്ട് പേരെയെങ്കിലും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവമാണ് പുറത്തുവന്നത്. പോലീസ് എന്ത് ചെയ്യുകയായിരുന്നു?” – ബെഞ്ച് ചോദിച്ചു.

സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെയ് 3 മുതൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ച് എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ചോദിച്ചു.

സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്ത സംഭവത്തിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ നിലവിൽ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുകയും എഫ്‌.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Latest