Ongoing News
ആയിരത്തില്‍ നൂറാടി ജയ്‌സ്വാള്‍
62 ബോളില്‍ 124 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ മികവില്‍ രാജസ്ഥാന് 212 റണ്‍സ്

മുംബൈ | ഐ പി എല്‍ ചരിത്രത്തിലെ ആയിരാമത്തെ മത്സരം കാണാനായി വാങ്കഡെ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ 28,000ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ തകര്‍ത്താടി യശസ്വി ജയ്‌സ്വാള്‍. 62 ബോളില്‍ 124 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ സെഞ്ച്വറി മികവില്‍ രാജസ്ഥാന് 7 വിക്കറ്റിന് 212 റണ്‍സ്.
ജയ്‌സ്വാളിന്റെ ഒറ്റയാള്‍ പ്രകടനമാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ നല്‍കിയിരിക്കുന്നത്. അവസാന ഓവറില്‍ ജയ്‌സ്വാള്‍ പുറത്താകുമ്പോഴേക്ക് ടീം 200 കടന്നിരുന്നു. മറ്റൊരു ബാറ്റര്‍ക്കും 20 റണ്‍സ് പോലും എടുക്കാന്‍ പറ്റിയില്ല. എക്‌സ്ട്രാസ് ഇനത്തില്‍ മുംബൈ ബൗളര്‍മാര്‍ ദാനം നല്‍കിയ 24 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍.
മുംബൈ ബൗളര്‍മാരില്‍ പേസറായ അര്‍ശദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എറിഞ്ഞ മൂന്ന് ഓവറിലും വിക്കറ്റ് വീണെങ്കിലും 39 റണ്‍സ് വഴങ്ങി. പിയൂഷ് ചൗള രണ്ടും ജോഫ്ര ആര്‍ച്ചര്‍, റിലെ മെറെഡിത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.