Kerala
യു പിയില്‍ നിന്നുള്ള നൂറുക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നീങ്ങി
രാജ്യതലസ്ഥാനം വീണ്ടും കര്‍ഷക പോരാട്ടത്തിന് വേദിയാകുന്നു
ഡല്‍ഹി | ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നൂറുക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നീങ്ങിയതോടെ രാജ്യതലസ്ഥാനം വീണ്ടും കര്‍ഷക പോരാട്ടത്തിന് വേദിയാകുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തിയത്.
നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിനു താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ യു പി കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചു. ഉച്ചയോടെ ഡല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ പുതിയ നിയമങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു. ഗൗതം ബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഡ്, ആഗ്ര തുടങ്ങി 20 ജില്ലകളിലെ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് ഭാരതീയ കിസാന്‍ പരിഷത്ത് (ബി കെ പി) നേതാവ് സുഖ്ബീര്‍ ഖലീഫ പറഞ്ഞു.
ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡിസംബര്‍ ആറിന് മാര്‍ച്ചിന്റെ ഭാഗമാകുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ എം എസ് സി) ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പന്ദര്‍ പറഞ്ഞു. ഫെബ്രുവരി 13 മുതല്‍ ഈ കര്‍ഷകര്‍ ശംഭു, ഖനൗരി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള ഇവരുടെ മാര്‍ച്ച് തടഞ്ഞ സാഹചര്യത്തിലാണിത്. കര്‍ഷകര്‍ ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാകും നടക്കുകയെന്നും സംഘടനകള്‍ അറിയിച്ചു.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. പഴയ ഏറ്റെടുക്കല്‍ നിയമപ്രകാരം 10 ശതമാനം ഭൂമി അനുവദിക്കുക കൂടാതെ 64.7 ശതമാനം നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, 2014 ജനുവരി ഒന്നിന് ശേഷം ഏറ്റെടുത്ത ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരവും 20 ശതമാനം ഭൂമിയും നല്‍കുക, ഭൂരഹിത കര്‍ഷകരുടെ മക്കള്‍ക്ക് തൊഴിലും പുനഃരധിവാസവും ഉറപ്പാക്കുക, ഉന്നതാധികാര സമിതി പാസാക്കിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കുക, ജനവാസ മേഖലകളില്‍ ശരിയായ പരിഹാരം ഉറപ്പാക്കുക എന്നിങ്ങനെയാണ് കര്‍ഷകരുടെ ആവശ്യം.
മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ നോയിഡ-ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ചില്ല, ഡി എന്‍ ഡി ബോര്‍ഡര്‍, മഹാമായ ഫ്ളൈഓവര്‍ എന്നിവയ്ക്ക് സമീപം കൂടുതല്‍ സേനയെ വിന്യസിച്ചു. മേഖലയില്‍ വാഹനപരിശോധനയും ശക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മെട്രോയെ ആശ്രയിക്കണമെന്ന് പോലീസ് ജനങ്ങളോട് നിര്‍ദ്ദേശിച്ചു.