Connect with us

majmau

അക്ഷരങ്ങൾ കൊണ്ട് തീർത്ത നൂറുലോകങ്ങൾ; മജ്മഅ് പുസ്തകമേള ശ്രദ്ധേയമായി

മലയാളം, ഇംഗ്ലീഷ് , ഉറുദു അറബി ഭാഷകളിലാണ് പുസ്തകങ്ങൾ. 

Published

|

Last Updated

അരീക്കോട് | ഒരു മതകലാലയത്തിൽ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവർ എഴുതിയ പുസ്തങ്ങളുടെ എണ്ണം നൂറു കവിയുക – അപൂർവമായ ഈ നേട്ടത്തിലെത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് മജ്മഅ് സ്വിദ്ദീഖിയ്യ ദഅവാ കോളജ്. നേട്ടം അടയാളപ്പെടുത്താനായി സ്ഥാപനമുറ്റത്ത് തന്നെ അതിവിപുലമായ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരിക്കുകയാണിപ്പോൾ പൂർവ വിദ്യാർഥി കൂട്ടായ്മ സൈക്രിഡ്.

ചരിത്രം, ശാസ്ത്രം, ഭാഷ, തത്വചിന്ത, യാത്ര തുടങ്ങി എഴുത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കുന്ന പുസ്തകങ്ങളാണ് സിദ്ദീഖികളിൽ നിന്നും സമൂഹത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പ്രസാധകർക്ക് പുറമെ വിവിധ യൂണിവേഴ്സിറ്റികൾ അവരുടെ പാഠപുസ്തകങ്ങളാക്കിയവയും ഇതിൽ ഉൾപ്പെടുന്നു. മലയാളം, ഇംഗ്ലീഷ് , ഉറുദു അറബി ഭാഷകളിലാണ് പുസ്തകങ്ങൾ.

ഏറെ ആസ്വാദകരുള്ള ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി ഉളിയിലിന്റെ തളിരിലകൾ, ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി രണ്ടത്താണിയുടെ അനുരാഗിയുടെ തീർഥാടന വഴികൾ, ഈജിപ്തിന്റെ സാംസ്കാരിക വഴികളെ അടയാളപ്പെടുത്തിയ ഡോ. ഉമറുൽ ഫാറൂഖ് സിദ്ദീഖിയുടെ മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്, കുടുംബാസൂത്രണത്തിന്റെ പ്രായോഗിക തലം വിശദീകരിക്കുന്ന നിസാമുദ്ദീൻ അഹ്സനി പറപ്പൂരിന്റെ കുടുംബം സ്വർഗമാക്കാം, ജീവിത വിജയത്തിന്റെ മനശ്ശാസ്ത്ര വായന സാധ്യമാക്കുന്ന നിശാദ് സിദ്ദീഖി രണ്ടത്താണിയുടെ നമുക്ക് ജീവിക്കാൻ പഠിക്കാം തുടങ്ങി മുഖ്യധാരാ വായനാ സമൂഹത്തിന് അകക്കാമ്പുള്ള വായന സാധ്യമാക്കിയവയാണ് രചനകളെല്ലാം. ജോബ് സ്ട്രാറ്റിഫിക്കേഷൻ എമംഗ് സ്കൂൾ ടീച്ചേഴ്സ്, സെൽഫ് എസ്റ്റീം എമംഗ് സ്കൂൾ സ്റ്റുഡന്റ്സ് തുടങ്ങിയ നാസർ സിദ്ദീഖിയുടെ രചനകളും, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റി സിലബസുകളിൽ ഇടം നേടിയ സിദ്ദീഖികളുടെ പുസ്തകങ്ങളും അക്കാദമിക് രംഗത്തെ മികച്ച സംഭാവനകളാണ്.

 മജ്മഅ് പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ‘പുസ്തകങ്ങൾ അതിജീവിക്കുന്നു’ എന്ന ശീർഷകത്തിൽ പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചാ സംഗമത്തിൽ മാധ്യമ പ്രവർത്തകരായ എം പി പ്രശാന്ത്, ശംസുദ്ദീൻ മുബാറക്, മുഹമ്മദലി കിനാലൂർ പങ്കെടുത്തു. മജ്മഅ് പ്രിൻസിപ്പൽ അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി, ശാഫി സഖാഫി മുണ്ടമ്പ്ര, അബൂബക്കർ ഫൈസി മുതുവല്ലൂർ, അബ്ദുസ്സലാം സഖാഫി തുവ്വക്കാട്, മുജീബ് അഹ്സനി മുണ്ടമ്പ്ര, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിച്ചു. ഡോ. ഫൈസൽ അഹ്സനി ഉളിയിൽ ചർച്ച നിയന്ത്രിച്ചു. അബ്ദുൽ കലാം സിദ്ദീഖി വാഴക്കാട് സ്വാഗതവും ഇർശാദ് സിദ്ദീഖി എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----

Latest