National
നിരാഹാര സമരം; കര്‍ഷക നേതാവ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു
പ്രശ്നപരിഹാരത്തിന് മൂന്ന് ദിവസത്തെ സമയം കൂടി സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാരിന് അനുവദിച്ചു.
ന്യൂഡല്‍ഹി| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ നിരാഹാരം തുടരുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ചുളള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എത്തിയാല്‍ വൈദ്യസഹായം സ്വീകരിക്കുമെന്നാണ് ദല്ലേവാളിന്റെ നിലപാട്.
പ്രശ്നപരിഹാരത്തിനായി ഇന്ന് വരെയാണ് സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാറിന് സമയം നല്‍കിയിരുന്നത്. എന്നാല്‍ മൂന്ന് ദിവസത്തെ സമയം കൂടി സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപ്പെടല്‍. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
2024 നവംബര്‍ 26നാണ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നിരാഹാര സമരം ആരംഭിക്കുന്നത്. മിനിമം താങ്ങുവില, നിയമപരമായ ഉറപ്പ് ഉള്‍പ്പെടെയാണ് ദല്ലേവാളിന്റെ ആവശ്യം.