Kerala
നാളെ മുതല്‍ നിരാഹാരം; ആശമാരുമായി മന്ത്രിയുടെ ചര്‍ച്ച
എന്‍ എച്ച്എം മിഷന്‍ സ്റ്റേറ്റ് കോഓഡിനേറ്ററുമായി ഇന്ന് നടത്തിയ ചര്‍ച്ച തീരുമാനമാമാകാതെ പിരിഞ്ഞിരുന്നു

തിരുവനന്തപുരം | സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 3.30 ന് നിയമസഭാ ഓഫീസിലാകും ചര്‍ച്ച.
വേതന വര്‍ധന, വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള ആവശ്യങ്ങളുമായി എന്‍ എച്ച്എം മിഷന്‍ സ്റ്റേറ്റ് കോഓഡിനേറ്ററുമായി ഇന്ന് നടത്തിയ ചര്‍ച്ച തീരുമാനമാമാകാതെ പിരിഞ്ഞിരുന്നു. നാളെമുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കെയാണ് മന്ത്രി ചര്‍ച്ചക്കു വിളിച്ചിരിക്കുന്നത്.
ഖജനാവില്‍ പണമില്ലെന്നും അതിനാല്‍ സര്‍ക്കാറിന് സമയം നല്‍കണമെന്നുമാണ് മിഷന്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. സമരത്തില്‍ നിന്ന് ആശമാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കും.
പി എസ് സി അംഗങ്ങള്‍ക്കും ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസിനും ശമ്പളം ഉയര്‍ത്തിയതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസം എന്നത് വിശ്വസനീയമല്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍.