National
ദാന ചുഴലിക്കാറ്റ്; മുന്‍കരുതല്‍ നടപടികളുമായി ഒഡീഷ, 350 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ അവധി. സംസ്ഥാനത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചിടും.

ഭുവനേശ്വര്‍ | ദാന ചുഴലിക്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഒഡീഷ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതിന്റെ മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുത്താണ് ഒഡീഷ അധികൃതര്‍ സര്‍ക്കാര്‍ മുന്‍കരുതലെടുക്കുന്നത്.
പ്രതികൂല സാഹചര്യത്തിനുള്ള സാധ്യത പരിഗണിച്ച് റെയില്‍വേ 350 ഓളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ അവധി നല്‍കി. സംസ്ഥാനത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ചുഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത കല്‍പ്പിക്കപ്പെടുന്നു.
മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ് 24ന് രാത്രിയിലും 25ന് പുലര്‍ച്ചെയുമായി പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലൂടെ, വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങളിലൂടെയാണ് കടന്നുപോവുക. ബാലസോര്‍, ഭദ്രക്, മയൂര്‍ഭഞ്ച്, ജഗത്സിങ്പുര്‍, പുരി തുടങ്ങിയ ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
കലക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന കാലത്ത് ചുഴലിക്കാറ്റ് ദുരന്തം അഭിമുഖീകരിച്ച് പരിചയമുള്ള ആറ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാനായി ഈ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും. 800ലേറെ ഷെല്‍ട്ടറുകള്‍ക്കു പുറമെ, സ്‌കൂള്‍, കോളജ് കെട്ടിടങ്ങളിലായി 500 താത്ക്കാലിക ക്യാമ്പുകളും ഒരുക്കി.
ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 സംഘത്തെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 സംഘത്തെയും വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അവധി റദ്ദാക്കി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് തിരികെ വിളിച്ചു.