International
മില്‍ട്ടണ്‍ കൊടുങ്കാറ്റ്: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മാത്രം 16 മരണം
28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
ഫ്‌ലോറിഡ | മില്‍ട്ടണ്‍ കൊടുങ്കാറ്റില്‍ അമേരിക്കയില്‍ ഫ്‌ലോറിഡയില്‍ മാത്രം 16 മരണം. അമേരിക്ക കടുത്ത പ്രതിസന്ധി തരണം ചെയ്തെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് അറിയിച്ചു. മില്‍ട്ടണ്‍ കൊടുങ്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശിക്കും. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
സുരക്ഷ സേനകള്‍ ഇതുവരെ 500ലധികം പേരെയും 40 മൃഗങ്ങളെയും രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടാമ്പ അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടെ മേഖലയിലെ ആറ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
ഫ്‌ളോറിഡയെ കതര്‍ത്ത ചുഴലിക്കാറ്റില്‍ 30 ലക്ഷം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. 16 ലക്ഷം പേര്‍ക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും ഫ്‌ലോറിഡയിലെ ചില ഇടങ്ങളില്‍ കനത്ത മഴ തുടരുന്നുണ്ട്. ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ കാറ്റഗറി വണ്‍ കാറ്റായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്.
നൂറ്റാണ്ടിലെ ഭീതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്‌ലോറിഡയിലെത്തിയത്. മില്‍ട്ടണ്‍ കരതൊട്ടതിന് തൊട്ടുപിന്നാലെ ഫ്‌ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി. റ്റാമ്പ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, ക്ലിയര്‍വാട്ടര്‍ എന്നീ മേഖലകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി.