Connect with us

International

അമേരിക്കയില്‍ ഭീതി പടര്‍ത്തിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരംതൊട്ടു

160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഭീതി പടര്‍ത്തിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരംതൊട്ടു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് സീസ്റ്റകീയിലാണ് ചുഴലിക്കാറ്റ് എത്തിയത്. ഫ്‌ലോറിഡയില്‍ കനത്ത കാറ്റും മഴയുമാണ്.

160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഫ്‌ലോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയില്‍നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.
ഫ്‌ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഹെലീന്‍ 160 ലധികം മനുഷ്യ ജീവന്‍ കവര്‍ന്നിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം.