Kozhikode
കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ റോഡരികിൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്
ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
കോഴിക്കോട് | നഗരത്തിലെ അശോകപുരത്ത് റോഡരികില്‍ വെച്ച് പട്ടാപ്പകൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡരികിൽ മീന്‍കച്ചവടം നടത്തുന്ന കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്.
ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റു. മദ്യപിച്ചെത്തിയാണ് നിധീഷ് മർദിച്ചത്. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.