death of mother and child
വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്റില്‍
നരഹത്യാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
തിരുവനന്തപുരം | വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്റില്‍. കാരയ്ക്കാമണ്ഡപത്ത് നടത്ത ദാരുണമായ സംഭവത്തില്‍ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.
നരഹത്യാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. അക്യുപങ്ചര്‍ ചികിത്സയിലൂടെ വീട്ടില്‍ പ്രസവം നടത്താന്‍ പദ്ധതി തയ്യാറാക്കി എന്നാണു വിവരം.
ചൊവാഴ്ച വൈകീട്ടാണ് വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവര്‍ക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ അശാസ്ത്രീയമായ രീതിയില്‍ വീടുകളില്‍ പ്രസവം നടക്കുന്നുണ്ടെന്ന വിവരം ആരോഗ്യവകുപ്പിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ആശുപത്രികളില്‍ പോകാന്‍ ചിലര്‍ ആദ്യം മടിച്ചാലും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നതോടെ ഒട്ടുമിക്കവരും ചികിത്സയ്ക്ക് തയാറാകും. ചുരുക്കം ചിലര്‍ കടുംപിടിത്തം തുടരും. നവംബര്‍, ഡിസംബര്‍ മാസങ്ങളായി നഗരാതിര്‍ത്തിയില്‍ തന്നെ രണ്ട് വീടുകളില്‍ പ്രസവം നടന്നിരുന്നു. അക്യുപങ്ചര്‍ രീതിയിലായിരുന്നു ഈ പ്രസവങ്ങള്‍.
ജില്ലയില്‍ അക്യുപങ്ചര്‍ രീതിയില്‍ വീട്ടില്‍ പ്രസവങ്ങള്‍ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നല്‍കിയിട്ടും പോലീസ് നടപടിയെടത്തില്ല. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷം പോലീസ് വീട്ടില്‍ എത്തിയെങ്കിലും നടപടിയെടുക്കാതെ മടങ്ങിയിരുന്നു. ബലം പ്രയോഗിച്ച് ഗര്‍ഭിണിയെ ആശുപത്രിയില്‍ കൊണ്ടുപോകാനാകില്ല എന്ന നിലപാടിലായിരുന്നു പോലീസ്.