Kerala
ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കുത്തി
ആലുവ സ്വദേശി ഹാരിസിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഇയാളുടെ ഭാര്യ പൊന്നാനി സ്വദേശി ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

കൊച്ചി | ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആലുവ സ്വദേശി ഹാരിസിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഇയാളുടെ ഭാര്യ പൊന്നാനി സ്വദേശി ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് വിവരം.
എറണാകുളം മഞ്ഞുമ്മല്‍ പള്ളിക്ക് സമീപത്താണ് സംഭവം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് വീടിന് മുന്നില്‍ കിടന്ന ഹാരിസിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ഫസീനയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. മൂന്ന് വര്‍ഷമായി മഞ്ഞുമ്മലിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം.
തര്‍ക്കത്തിനിടെ ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ഹാരിസ്, ഇക്കാര്യം പോലീസിനെ അറിയിക്കുമെന്ന് ഭാര്യ പറഞ്ഞപ്പോള്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.
–