Kerala
ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി
കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.

കൊച്ചി | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജാമ്യ ഹരജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസി അപേക്ഷ പിന്‍വലിച്ചത്.
എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ഭാസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന, സഹായി കെ ഫിറോസ് എന്നിവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ളവരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി അറിയുന്നത്.
കേസില്‍ താന്‍ നിരപരാധിയാണെന്നും കഞ്ചാവ് വാങ്ങിയിട്ടില്ലെന്നുമാണ് ശ്രീനാഥ് ഹരജിയില്‍ വ്യക്തമാക്കിയത്.