Ongoing News
ഹൈദരാബാദിന്റെ പോരാട്ടം വിഫലം; അഞ്ച് റണ്‍സിന് കൊല്‍ക്കത്തന്‍ വിജയം
കൊല്‍ക്കത്ത മുന്നോട്ടുവച്ച 171 റണ്‍സ് മറികടക്കാന്‍ ബാറ്റേന്തിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഹൈദരാബാദ് | കൊല്‍ക്കത്ത മുന്നോട്ടുവച്ച 171 റണ്‍സ് മറികടക്കാന്‍ വീരോചിതം അടരാടിയെങ്കിലും ഹൈദരാബാദിന് പരാജയം. ആവേശം കത്തിയ അങ്കത്തില്‍ അഞ്ച് റണ്‍സിനാണ് കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ ഹൈദരാബാദിനു കഴിഞ്ഞുള്ളൂ. ഐ പി എല്‍ 2023ല്‍ കൊല്‍ക്കത്ത നേടുന്ന നാലാം ജയമാണിത്.
എയ്ഡന്‍ മാര്‍ക്രം (40 പന്തില്‍ 41), ഹെന്റിച് ക്ലാസന്‍ (20 പന്തില്‍ 36) എന്നിവര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഹൈദരാബാദ് വിജയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, കൊല്‍ക്കത്ത ബൗളര്‍മാരുടെ കിടയറ്റ പന്തേറിനു മുമ്പില്‍ അവര്‍ ഇടറിവീഴുകയായിരുന്നു. മാര്‍ക്രവും ക്ലാസനും പുറത്തായതോടെ ഹൈദരാബാദ് ബാറ്റിങ് നിര ആടിയുലഞ്ഞു. അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ഹൈദരാബാദിനു വേണ്ടിയിരുന്നത്. എന്നാല്‍, മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. വരുണ്‍ ചക്രവര്‍ത്തിയാണ് അന്തിമ ഓവറില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്. 35 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റിങ്കു സിങാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നായകന്‍ നിതിഷ് റാണ 31 പന്തില്‍ 42 റണ്‍സെടുത്തു. റഹ്്മാനുല്ല ഗുര്‍ബാസ് (പൂജ്യം), വെങ്കടേഷ് അയ്യര്‍ (ഏഴ്) എന്നിവരെ നഷ്ടമാകുമ്പോള്‍ 16 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍. മാര്‍കോ ജെന്‍സനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.
ജേസണ്‍ റോയ് (19 പന്തില്‍ 20) കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് നിതീഷും റിങ്കുവും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൊല്‍ക്കത്തയെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്.