Connect with us

ISL 2021- 22

മേധാവിത്വം കാത്തുസൂക്ഷിച്ച് ഹൈദരാബാദ്; ഗോവയെ തകര്‍ത്തു

ഒഗ്‌ബെച്ചെ ഇരട്ട ഗോള്‍ നേടി

Published

|

Last Updated

പനാജി | ഐ എസ് എല്‍ ഈ സീസണിലെ മേധാവിത്വം പരിപാലിച്ച് ഹൈദരാബാദ് എഫ് സി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ് സി ഗോവയെ ഹൈദരാബാദ് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി കളിയില്‍ മുന്‍തൂക്കം സ്ഥാപിക്കാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. ബാര്‍തൊലോമേവ് ഒഗ്‌ബെച്ചെ ഇരട്ട ഗോള്‍ നേടി. അവസാന നിമിഷങ്ങളിൽ മത്സരം പരുക്കൻ നിലയിലായിരുന്നു.

25ാം മിനുട്ടില്‍ ഒഗ്‌ബെച്ചെയിലൂടെയാണ് ഹൈദരാബാദ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും 35ാം മിനുട്ടില്‍ ജോര്‍ഗ് ഒര്‍ട്ടിസ് ഗോവക്ക് വേണ്ടി സമനില ഗോള്‍ നേടി. എന്നാല്‍, 41ാം മിനുട്ടില്‍ ഒഗ്‌ബെച്ചെ തന്നെ ഹൈദരാബാദിന്റെ രണ്ടാം ഗോള്‍ അടിച്ചു. 70ാം മിനുട്ടില്‍ ജോവോ വിക്ടര്‍ ഹൈദരാബാദിന് വേണ്ടി മൂന്നാം ഗോള്‍ സമ്മാനിച്ചു. തൊട്ടുടനെ ഹൈദരാബാദിനെ ഞെട്ടിച്ച് 73ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ദേവേന്ദ്ര മുഡ്‌ഗോങ്കര്‍ ഗോവയുടെ രണ്ടാം ഗോള്‍ നേടി.

ഗോവയുടെ മകാന്‍ ചോതെ, എഡു ബേഡിയ, ഹൈദരാബാദിന്റെ ചിംഗ്ലെന്‍സാന സിംഗ്, സൗബിക് ചക്രവര്‍ത്തി, ആകാശ് മിശ്ര, എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിന് 90 മിനുട്ട് മാത്രം ആയുസ്സ് നല്‍കി എ ടി കെ മോഹന്‍ ബഗാനില്‍ നിന്ന് ആ സ്ഥാനം ഹൈദരാബാദ് തിരിച്ചുപിടിച്ചു.

Latest