National
ഫഡ്‌നാവിസിനുള്ള ഹൈഡ്രജന്‍ ബോംബ് നാളെ; ആരോപണങ്ങള്‍ക്ക് നവാബ് മാലിക്കിന്റെ മറുപടി
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധോലോക ബന്ധങ്ങള്‍ തുറന്നു കാട്ടും.
മുംബൈ| മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി നവാബ് മാലിക്. ഫഡ്‌നാവിസിനെതിരെ സത്യത്തിന്റെ ബോംബിടുമെന്ന് മാലിക് പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധോലോക ബന്ധങ്ങള്‍ തുറന്നു കാട്ടുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. നാളെ ഫഡ്‌നാവിസിനെതിരെ ഒരു ഹൈഡ്രജന്‍ ബോംബിടും. തനിക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുമായും അധോലോകവുമായും ബന്ധമുണ്ടെന്നാണ് ഫഡ്‌നാവിസ് പറയുന്നത്. തന്റെ പ്രതിഛായ തകര്‍ക്കാനാണ് ഫഡ്‌നാവിസിന്റെ ശ്രമമെന്നും നവാബ് മാലിക് വ്യക്തമാക്കി.
1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക് ഇടപാടുകള്‍ നടത്തിയെന്ന ആരോപണമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിച്ചിരുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ബിനാമി സലീം പട്ടേല്‍, ബോംബെ സ്‌ഫോടനക്കേസിലെ കുറ്റവാളികളിലൊരാളായ ബാദുഷാ ഖാന്‍ എന്നിവരില്‍ നിന്ന് 2005ല്‍ കുര്‍ളയില്‍ നവാബ് മാലിക്ക് 2.8 എക്കര്‍ ഭൂമി വാങ്ങിയെന്നാണ് ഫഡ്‌നാവിസിന്റെ ആരോപണം.
സലീം പട്ടേലിനെ നവാബ് മാലിക്കിന് അറിയാമായിരുന്നിട്ടും ഭൂമി വാങ്ങി. നവാബ് മാലികിനും അധോലോകവുമായി ബന്ധമുണ്ട്. ഇത്തരത്തില്‍ നാല് ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം അടങ്ങുന്ന രേഖ തന്റെ കയ്യിലുണ്ടെന്നും അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്നും ഫഡ്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനും വിവരങ്ങള്‍ നല്‍കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.