Kerala
കെ സുധാകരനെ മറികടന്ന് ഹൈപ്പവര്‍ കമ്മിറ്റിക്ക് നീക്കം
പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യം സുധാകരനെ ബോധ്യപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം പുതിയ വഴി തേടുന്നത്

തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്ന് കെ സുധാകരനെ മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍, സുധാകരനെ മറികടന്നു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹൈപവര്‍ കമ്മിറ്റി വരുന്നു. പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യം സുധാകരനെ ബോധ്യപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം പുതിയ വഴി തേടുന്നത്.
പ്രസിഡന്റിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കെ പി സി സി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. കെ സുധാകരനെ മാറ്റണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിന് ഉണ്ടെങ്കിലും സമവായം കണ്ടെത്താനാകാത്തതാണ് കാരണം.
കേരളത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി കേരളത്തിലെ പാര്‍ട്ടിയിലെ നിലവിലെ പ്രസിസന്ധികള്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പദവി ഒഴിയുന്നതില്‍ അതൃപ്തനായ സുധാകരന്‍, തന്നെ നീക്കിയാല്‍ വെറുതെയിരിക്കില്ലെന്ന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുധാകരനെ നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാന്‍ മറ്റ് മാര്‍ഗം എന്ന നിലയിലാണ് ഹൈപവര്‍ കമ്മിറ്റി കൊണ്ടുവരാനുള്ള ആലോചന.
കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മാത്രമടങ്ങുന്ന കോര്‍ ഗ്രൂപ്പിന് രൂപം നല്‍കാനാണ് ശ്രമം. രാഷ്ട്രീയകാര്യ സമിതി ജംബോ കമ്മിറ്റിയായി മാറിയതാണ് നേതൃനിരയില്‍ പുതിയ കമ്മിറ്റി രൂപീകരിക്കാനുളള നീക്കം.
പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയില്ലെങ്കില്‍ തദ്ദേശഭരണ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ എത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.