National
ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം
ഒഡിഷ തീരത്തെ എ പി ജെ അബ്ദുൽകലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം
ന്യൂഡൽഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ, നൂതന മിസൈൽ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. ഒഡിഷ തീരത്തെ എ പി ജെ അബ്ദുൽകലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) ആണ് മിസൈൽ വികസിപ്പിച്ചത്. വിവിധ ഡി ആർ ഡി ഒ ലബോറട്ടറികളുമായി സഹകരിച്ച് ഹൈദരാബാദിലെ ഡോ. എ പി ജെ അബ്ദുൽകലാം മിസൈൽ കോംപ്ലക്‌സിനു കീഴിലാണ് മിസൈൽ നിർമിച്ചത്. 1,500 കിലോമീറ്ററിലേറെയാണ് മിസൈലിന്റെ പ്രഹരശേഷി.
മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് ചരിത്രനിമിഷമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ശബ്ദത്തേക്കാൾ അഞ്ച് മടങ്ങിലേറെ വേഗത്തിലാണ് ഹൈപ്പർ സോണിക് മിസൈൽ സഞ്ചരിക്കുക. മണിക്കൂറിൽ ഏകദേശം 6,200 കിലോമീറ്ററാണ് മിസൈലിന്റെ വേഗം. റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഹൈപ്പർ സോണിക് മിസൈൽ നിർമാണ രംഗത്ത് മുൻപന്തിയിലുള്ളത്. യു എസും ഈ മേഖലയിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്.
ഫ്രാൻസ്, ജർമനി, ആസ്‌ത്രേലിയ, ജപ്പാൻ, ഇറാൻ, ഇസ്‌റാഈൽ തുടങ്ങിയ രാജ്യങ്ങളും ഹൈപ്പർ സോണിക് മിസൈലുകൾ വികസിപ്പിക്കുന്നുണ്ട്.