Connect with us

First Gear

31 മാസത്തിനുള്ളില്‍ രണ്ടര ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ് യുവിയാണ് വെന്യു.

Published

|

Last Updated

ന്യൂഡല്‍ഹി| ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആദ്യ കോംപാക്ട് എസ്യുവിയായ വെന്യു, ഇന്ത്യയില്‍ 2,50,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടു. വിപണിയില്‍ എത്തി 31 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നാഴികക്കല്ല് പിന്നിടുന്നതെന്ന് കമ്പനി അറിയിച്ചു. 6.50 ലക്ഷം രൂപയില്‍ തുടങ്ങി 11.10 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയിലായിരുന്നു 2019 മെയ് 21ന് രാജ്യത്ത് ഹ്യുണ്ടായി വെന്യു അവതരിപ്പിച്ചിരുന്നത്.

വിപണിയില്‍ അവതരിപ്പിച്ച് ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ വാഹനം 50,000 വില്‍പ്പന നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പിന്നീടുള്ള മാസങ്ങളില്‍ ആവശ്യക്കാര്‍ കുറഞ്ഞെങ്കിലും 15 മാസത്തിനുള്ളില്‍ 1,00,000, 25 മാസത്തിനുള്ളില്‍ 2,00,000, 31 മാസത്തിനുള്ളില്‍ 2,50,000 എന്നിങ്ങനെ വാഹനം വിപണിയില്‍ കുതിപ്പ് ആരംഭിച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍ തുടങ്ങിയ എതിരാളികള്‍ മത്സരിക്കുന്ന സെഗ്മെന്റിലാണ് ഹ്യുണ്ടായി വെന്യുവിന്റെ ഈ നേട്ടം.

മഹീന്ദ്ര എക്‌സ് യുവി300, കിയ സോണറ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കിഗര്‍, ടാറ്റ പഞ്ച് തുടങ്ങിയ മോഡലുകളും വെന്യുവിന് എതിരാളികളാണ്. ഓട്ടോ കാര്‍ പ്രൊഫഷണലിന്റെ ഡാറ്റ അനലിറ്റിക്സ് അനുസരിച്ച്, അവതരണം മുതല്‍ 2021 നവംബര്‍ അവസാനം വരെ, വെന്യു 1,81,829 പെട്രോളും 68,689 ഡീസല്‍ വേരിയന്റുകളും ഉള്‍പ്പെടെ 2,50,518 യൂണിറ്റ് വില്‍പ്പന നടത്തി എന്നാണ് കണക്കുകള്‍.

ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ് യുവിയാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും വാഹനത്തിലുണ്ട്. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസല്‍ എഞ്ചിന്‍ ശേഷി 1.5 ലിറ്ററായി ഉയര്‍ത്തി. 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വില്‍പ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്. 2020-ലെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വെന്യുവിന് ലഭിച്ചിരുന്നു.

 

Latest