Prathivaram
ഞാനിപ്പോൾ ഹോളിഡേ റൈറ്റർ
? കൊടും സംഘര്‍ഷങ്ങളുടെ ആ പതിമൂന്നാം വയസ്സില്‍ താങ്കളെ കഥയിലേക്ക് കൊണ്ടുവന്ന മഹാപ്രതിഭകള്‍ ആരൊക്കെയാണ്? പിരപ്പന്‍കോട് ദേശത്തിന്റെ ഓര്‍മകള്‍ എന്തൊക്കെയാണ്?
കൊടും സംഘര്‍ഷങ്ങളുടെ ആ പതിമൂന്നാം വയസ്സ് എന്ന ചോദ്യം വളരെ ഇഷ്ടപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ വളരെക്കാലം അങ്ങനെ തന്നെയായിരുന്നു. അങ്ങേയറ്റം അരക്ഷിതാവസ്ഥയില്‍ ആയിരുന്നു ബാല്യകൗമാരങ്ങള്‍. നിരന്തര കുടുംബകലഹങ്ങള്‍, വഴക്കും, അന്യതാ ബോധവും നിറഞ്ഞ ഗാര്‍ഗികാന്തരീക്ഷം. കഷ്ടപ്പാടുകളും വെറുപ്പും അനിഷ്ടവും അപകര്‍ഷതയും ഒക്കെ തിങ്ങിനിറഞ്ഞ വലിയൊരു കാലം കോളജില്‍ കാലുകുത്തുന്നത് വരെ ഉണ്ടായിരുന്നു. അതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞുവരുന്ന മാനസികമായ ഒരു അവസ്ഥ ഉണ്ട്. അതാണ് എനിക്ക് എല്ലാ കാലവും വളരെ പ്രധാനം. ആ പരിവര്‍ത്തനങ്ങളും അത്ഭുതങ്ങളും നിറഞ്ഞ മാനസികാവസ്ഥ എഴുത്തിലേക്ക് മാത്രമാണ് നയിക്കുക. പക്ഷേ, കൗമാരം തുടങ്ങുന്ന സമയത്ത് ഹൈസ്‌കൂളില്‍ കാലുകുത്തുന്നത് വരെ മുഖ്യധാരാ സാഹിത്യവും മുതിര്‍ന്നവരുടെ കഥാ നോവല്‍ ലോകവും ഒക്കെ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. മലയാളം, മലയാളം ഉപപാഠപുസ്തകം ഇവയാണ് എന്നെ അടിമുടി മാറ്റിത്തീര്‍ത്തത്. ബഷീര്‍ , എം ടി, ഉറൂബ്, മുട്ടത്തുവര്‍ക്കി, മാധവിക്കുട്ടി, സക്കറിയ, മാലി, തകഴി, ടി പത്മനാഭന്‍ , കാരൂര്‍, വി ടി, ലളിതാംബിക അന്തര്‍ജനം എന്നിവരുടെയൊക്കെ രചനകള്‍ ഉള്‍പ്പെട്ട ഉപപാഠപുസ്തകം ആണ് എന്റെ ഗോഡ്ഫാദര്‍. അതില്‍ തന്നെ ബഷീറിന്റെ ഒരു മനുഷ്യനും പാത്തുമ്മയുടെ ആടും ആണ് വളരെയധികം വിസ്മയിപ്പിച്ചത്. എന്റെ വീട്ടില്‍ നടക്കുന്ന പോലെയുള്ള സംഭവങ്ങള്‍ ഒരാള്‍ എഴുതിയിരിക്കുന്നത് വളരെ ആകര്‍ഷിച്ചു. ബഷീറിനെ അനുകരിച്ച് അക്കാലത്ത് ധാരാളം കഥകള്‍ നോട്ടുബുക്കുകളില്‍ എഴുതിയിട്ടുണ്ട്.
ഞങ്ങളുടെ പിരപ്പന്‍ കോടെന്ന മനോഹരമായ ചെറു ഗ്രാമവും വെഞ്ഞാറമൂടും കേരളത്തിലെ തന്നെ നാടക ഗ്രാമങ്ങളിലൊന്നാണ്. കുട്ടിക്കാലം മുതലേ നാടക റിഹേഴ്‌സലുകളും സെറ്റ് വര്‍ക്കുകള്‍ വരയ്ക്കുന്നതും കഥകളിയും കാക്കാരിശ്ശിനാടകങ്ങളുമൊക്കെ കണ്ടു വളര്‍ന്ന ഒരാളാണു ഞാന്‍. ഇവിടെ വന്നു രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷൊക്കെ പണിയെടുക്കുന്നത് കൂടെ നിന്ന് കണ്ടിട്ടുണ്ട്. ഈ ഓര്‍മകളൊക്കെ എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്.
? കൗമാരകാലത്ത് ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമാകാനാണ് അമല്‍ തയ്യാറെടുത്തിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറുകയും, തന്റെ ജീവനും ജീവിതവും കഥയും നോവലുമാണെന്ന് തിരിച്ചറിയുകയും ചെയ്തത് എങ്ങനെയാണ്?
ആരും പഠിപ്പിക്കാനും പറഞ്ഞു തരാനും ഇല്ലായിരുന്നെങ്കിലും കൗമാരകാലം വരെ കഥയും ചിത്രങ്ങളും ഒരുപോലെ ഒപ്പമുണ്ടായിരുന്നു. ഓരോ വീടുകളിലും പോയി സംഘടിപ്പിക്കുന്ന പഴയ ലക്കം ബാലപ്രസിദ്ധീകരണങ്ങളും സിനിമാപ്രേമിയായ ചേട്ടന്‍ സ്ഥിരമായി കൊണ്ടുവരുമായിരുന്ന സിനിമാ പ്രസിദ്ധീകരണങ്ങളും ആയിരുന്നു എന്റെ ലോകം . ഒരു രൂപ പോലും മുടക്കാതെ ഒരു ചാക്ക് നിറയെ അക്കാലത്ത് ശേഖരിച്ചു വെച്ചു. ഒരു ബാലരമ എവിടെയെങ്കിലും കണ്ടാല്‍ എന്ത് ത്യാഗം സഹിച്ചും ബാലപ്രസിദ്ധീകരണ ശേഖരണചാക്കില്‍ ഞാനത് എത്തിക്കുമായിരുന്നു. അത്തരത്തില്‍ ഭ്രാന്തമായ ഒരു അഭിനിവേശം അന്നുണ്ടായിരുന്നു. അതിലെ കഥകളും ചിത്രങ്ങളും പകര്‍ത്തി വരയ്ക്കുകയും എന്റെ സ്വന്തം രചന ആണെന്ന മട്ടില്‍ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മാസത്തില്‍ ധാരാളം കല്യാണങ്ങള്‍ അക്കാലത്ത് നാട്ടില്‍ നടന്നിരുന്നു. കല്യാണം വിളിക്കാന്‍ വരുന്നവര്‍ ഇടുന്ന കാര്‍ഡ്‌ന്റെ പിറകുവശം ആയിരുന്നു ഞാനന്ന് ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. പിറകുവശം നിറങ്ങള്‍ ഒന്നും ലഭിക്കാന്‍ ഒരു വഴിയും ഇല്ലായിരുന്നു. അടുക്കളയില്‍ നിന്ന് മഞ്ഞള്‍, പിന്നെ ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള വയലറ്റ്. ഈ രണ്ട് നിറങ്ങളിലായിരുന്നു വര. പതിമൂന്നാം വയസ്സില്‍ എന്റെ വീടിനടുത്ത് പ്രൊഫഷണലായി ചിത്രകല പഠിച്ച സാം രാജ് എന്ന ഒരു ചേട്ടന്‍ വാടകയ്ക്ക് താമസിക്കാന്‍ വന്നതായും പുള്ളിക്കാരന്‍ വീട്ടിന് പുറത്തിരുന്ന് പടം വരക്കുന്നതായും അമ്മയാണ് വന്ന് പറഞ്ഞത്. സാമ്പു അണ്ണന്‍ വര പഠിക്കാന്‍ ചെല്ലാന്‍ പറഞ്ഞു. അപ്പോഴാണ് സ്‌കൂളില്‍ യുവജനോത്സവം ഉണ്ട് എന്നു പോലും അറിയുന്നത്. അപ്പോള്‍ മുതല്‍ ഫൈനാര്‍ട്‌സ് കോളജില്‍ ചേരണം, ചിത്രകാരനാകണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പ്ലസ് ടു മുതല്‍ എം എ വരെ 35ഓളം പ്രസിദ്ധീകരണങ്ങളില്‍ മുടങ്ങാതെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. പക്ഷേ അപ്പോഴും വളരെ സ്വകാര്യമായി എഴുത്ത് ഒപ്പമുണ്ടായിരുന്നു. ആരെയും കാണിക്കാതെ നോട്ടുബുക്കുകളില്‍ കഥകള്‍ എഴുതി. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ദേശാഭിമാനിയില്‍ ഒരു കുഞ്ഞു കഥ അച്ചടിച്ചു വരുന്നത്. പുസ്തകത്തില്‍ ഒന്നും വരാത്ത ധാരാളം കുഞ്ഞുകഥകള്‍ ആ സമയത്ത് പല സ്ഥലങ്ങളിലും അച്ചടിച്ചുവന്നത് ഉണ്ട് .
മാവേലിക്കര രവിവര്‍മ കോളജില്‍ രണ്ടാംവര്‍ഷം പെയിന്റിംഗ് ബിരുദത്തിന് പഠിക്കുമ്പോഴാണ് ഇനി മുതല്‍ എഴുത്ത് തന്നെ പ്രധാനം എന്ന് തീരുമാനിച്ചത്.
?ചില കഥകള്‍ ഒറ്റയിരിപ്പിനെഴുതി മഹത്തരങ്ങളാക്കിയ പ്രതിഭാശാലികള്‍ മലയാളത്തിലുണ്ട്. അവര്‍ തന്നെ മാസങ്ങളെടുത്തെഴുതിയ കഥകള്‍ പലതും മോശമായിട്ടുമുണ്ട്. ഒരു കഥയെഴുതാന്‍ അമല്‍ ഉപയോഗിക്കുന്ന സമയം എത്രയാണ്?
ഒറ്റ ഇരിപ്പിന് കഥയെഴുതി അനുഭവമില്ല. രാത്രി കഥ എഴുതിയ അനുഭവവുമില്ല. രാത്രി ഉണര്‍ന്ന് ഇരുന്നാല്‍ പിറ്റേ ദിവസം മുഴുവന്‍ പകല്‍ തലയ്ക്ക് ഭാരവും തലവേദനയും ഒക്കെ ഉള്ളതിനാല്‍ രാത്രി ഒരു മണിക്ക് ശേഷം ഇരിക്കാറില്ല. കോളജില്‍ ഒക്കെ പകല്‍ ലൈബ്രറിയില്‍ ഇരുന്നും ക്ലാസ്സിലിരുന്നുമൊക്കെയാണ് കഥ എഴുതിയിട്ടുള്ളത്. പിന്നീട് ഫൈനാര്‍ട്‌സ് കോളജില്‍ അധ്യാപകനായി ജോലി കിട്ടിയപ്പോഴും പകല്‍ സമയത്ത് കിട്ടുന്ന സ്വര്‍ഗ സമാനമായ സമയങ്ങളില്‍ കഥ, നോവല്‍ എഴുതുകയാണ് ചെയ്തത്. എന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു ഒരു മോശം ശീലത്തിലേക്ക് ആണ് അത് കൊണ്ടുവന്നത്. ഇപ്പോള്‍ പകല്‍ മുഴുവന്‍ ഒരു നിമിഷം പോലും നമുക്ക് പേപ്പര്‍ പേന തൊടാനാകാത്ത തരം ജോലികളാണ് ഞാന്‍ ചെയ്യുന്നത്. അപ്പോള്‍ പകലെഴുത്ത് നടക്കുന്നില്ല. തീവണ്ടിയിലും ബസ്സിലും യാത്ര ചെയ്യുമ്പോഴും ലഞ്ച് ബ്രേക്കിനും അവധി ദിവസം പകലും ഒക്കെയാണ് ഇപ്പോഴത്തെ എഴുത്ത്. പിന്നെ വേറൊരു പ്രശ്‌നമുള്ളത് ഒന്ന് രണ്ടു വരി എഴുതിക്കഴിഞ്ഞാല്‍ എഴുന്നേറ്റ് പോകാന്‍ തോന്നുന്നതാണ്. അങ്ങനെ പല മാസങ്ങള്‍ എടുത്താണ് ഒരു കഥ പൂര്‍ത്തിയാക്കുന്നത്. അതും പല വര്‍ഷങ്ങള്‍ക്കുമുമ്പ് നോട്ടുബുക്കുകളില്‍ കുറിച്ച എന്തെങ്കിലും ആശയം ഒക്കെയായിരിക്കും മനസ്സിലിട്ട് ഇപ്പോള്‍ എഴുതുന്നത്. പിന്നെ ഇതെല്ലാം നീണ്ടകഥകള്‍ എഴുതുന്നതിനെ സംബന്ധിച്ചാണ് . അതേ പോലെ തന്നെ വളരെ ചെറിയ കഥകളും എഴുതാന്‍ ഇഷ്ടമാണ്. അത് പെട്ടെന്ന് ഒക്കെ ചിലപ്പോള്‍ എഴുതാന്‍ സാധിക്കും.
? അമലിന് ഇഷ്ടപ്പെട്ട കഥാ പരിസരങ്ങള്‍ ഏതൊക്കെയാണ്?
ആദ്യ കഥാസമാഹാരം നരകത്തിന്റെ ടാറ്റു പുറത്തുവരുന്നത് 2011 ലാണ്. അതില്‍ തന്നെ അതിപ്രാദേശികത എന്ന (നമ്മുടെ പ്രദേശത്തെ, അവിടുത്തെ ഭാഷയെയും സാധാരണക്കാരുടെ പച്ചജീവിതത്തെയും ആഗോളവല്‍ക്കരണത്തിനും, ഏക സംസ്‌കാര സങ്കല്പത്തിനും എതിരായി, പ്രതിഷേധമായി യഥാതഥ രീതിയില്‍ അവതരിപ്പിക്കുന്ന ) പിന്നീട് ഒരു സങ്കേതമായി സാഹിത്യത്തില്‍ വളരെയധികം സ്വീകരിക്കപ്പെട്ട രീതിയിലാണ് കഥകള്‍. അവസാനം വന്ന കുശലകുമാരി , മണിപ്പൂരിയില്‍ കോഴിപ്പേന്‍ , ഉരുവം എന്നിവയിലൊക്കെ ആ ഒരു രാഷ്ട്രീയം കാണാം. രാഷ്ട്രീയം, ആക്ഷേപഹാസ്യം, സാമൂഹികവിമര്‍ശനം, ചരിത്രം ഒക്കെ താത്പര്യമാണ്.
? മഞ്ഞക്കാര്‍ഡുകളുടെ സുവിശേഷം, നരകത്തിന്റെ ടാറ്റു തുടങ്ങിയ കഥകള്‍ മാവേലിക്കരയിലേയും കല്‍ക്കട്ടയിലേയും പഠന കാലത്താണല്ലോ എഴുതിയത്. എന്നാല്‍ ആദ്യം എഴുതിയ കഥയും അതിന്റെ രചനാ പശ്ചാത്തലവും വിശദമാക്കാമോ?
എട്ടിലും ഒമ്പതിലും പത്തിലും വെച്ച് ബുക്കില്‍ ആദ്യം എഴുതിയതാണെങ്കില്‍ അതെല്ലാം ബഷീര്‍ സ്വാധീനമുള്ളതാണ്. ഒരിക്കല്‍ മ്യൂസിയത്തില്‍ ഒരു ചിത്രരചന മത്സരത്തിന് പോയപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നത് കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ ആളറിയാതെ കൈപിടിച്ച് പടികള്‍ കയറ്റി. പിന്നീട് പുള്ളിക്കാരനെ പറ്റി വായിച്ചപ്പോള്‍ അത്ഭുതം തോന്നുകയും ‘അമ്മാ ഞമ്മള് അബൂബ്രഹാക്കാന തൊട്ട് ‘ എന്ന പേരില്‍ ബഷീറിന്റെ ചുവടുപിടിച്ച് ഒരു കഥ എഴുതുകയും ചെയ്തു. പിന്നെ ഓര്‍മയുള്ളത് ‘പോളക്ക് എടുത്തു ചാടുന്നു’ എന്ന പേരില്‍ ഒരു കഥ എഴുതിയതാണ്. അക്കാലത്ത് വാസുദേവന്‍ മാഷ് സ്‌കൂളിലേക്ക് സ്ഥലം മാറി വന്നപ്പോള്‍ എന്നെ ഗാന്ധിദര്‍ശന്‍ എന്ന പദ്ധതിയുടെ പ്രസിഡന്റ് ആക്കി മാറ്റി. അങ്ങനെ മഹാത്മാ ഗാന്ധിയുടെ ആത്മകഥ 20 രൂപയ്ക്ക് കുറേ കോപ്പികള്‍ എനിക്ക് കിട്ടി. അതിലെ ഒരു അധ്യായത്തിന്റെ പേരാണ് പോളക്ക് എടുത്തു ചാടുന്നു. ആ പേരിനോട് വലിയ ആകര്‍ഷണം തോന്നിയാണ് തലക്കെട്ട് എടുത്ത് അതില്‍ നിന്ന് വലിയൊരു കഥ ഉണ്ടാക്കാന്‍ ശ്രമിച്ചത്. അക്കാലത്തെഴുതിയ വേറൊരു കഥയുടെയും പേര് ഓര്‍മയില്ല. ആദ്യം അച്ചടിച്ച കഥ ആണെങ്കില്‍ ‘എന്റെ ഗാന്ധി’ എന്ന പേരില്‍ ഒരു ചെറിയ കഥ ആയിരുന്നു ; ദേശാഭിമാനിയില്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത്. ഇറ്റലിയിലെ തെരുവില്‍ മുഖംമൂടികള്‍ വാങ്ങുന്ന ഒരാളുടെ കഥയാണ് അത്
? അമല്‍ എന്ന എഴുത്തുകാരന്റെ രാഷ്ട്രീയമെന്താണ്?
ഞാന്‍ വന്ന സാഹചര്യങ്ങള്‍ കൊണ്ടാകാം വ്യത്യസ്തങ്ങളായ ജോലികള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പെട്ടിക്കട, റബ്ബര്‍ ടാപ്പിംഗ് , തടിക്കട, പെട്രോള്‍ പമ്പ്, വാള്‍ പെയിന്റിംഗ് , സീരിയലില്‍ ആര്‍ട്ട് അസിസ്റ്റന്റ്, കാര്‍ട്ടൂണിസ്റ്റ് , ബുക്ക് ഷോപ്പ്, ഓണ്‍ലൈന്‍ മാഗസിന്‍ സബ് എഡിറ്റര്‍, ഫോട്ടോ ഫ്രെയിം ഗാലറി, ഇവന്റുകളില്‍ സ്‌പോട്ട് കാരിക്കേച്ചറിസ്റ്റ്, പശു പരിപാലനം, കോളജ് സ്‌കൂള്‍ അധ്യാപനം, തിരക്കഥാകൃത്ത്, റസ്‌റ്റോറന്റ്, ആശുപത്രി, കൊറിയര്‍ ഫാക്ടറി , ഭക്ഷണ ഫാക്ടറി അങ്ങനെ അത് ഇന്നും തുടരുന്നു….അതില്‍ തന്നെ എന്റെ രാഷ്ട്രീയമുണ്ട്. സാധാരണക്കാരന്റെ അധ്വാനിക്കുന്നവന്റെ തൊഴിലാളിവര്‍ഗത്തിന്റെ , അടിസ്ഥാന വര്‍ഗത്തിന്റെ , ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം….
?ഏതു തൊഴിലും മഹത്തരമാണെന്നും പലതരം തൊഴിലുകള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ ഒരു തൊഴിലാളിയായിട്ടാണ് ഞാനെന്നെ കാണുന്നതെന്നും . ‘ബംഗാളി കലാപ’ ത്തിന്റെ ആമുഖ കുറിപ്പില്‍ താങ്കള്‍ പറയുന്നുണ്ട്. എന്നാല്‍ ജപ്പാനിലെ ടോക്യോവില്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയില്‍ അമലിന്റെ സര്‍ഗാത്മകജീവിതത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
വല്ലാത്തൊരു ധര്‍മ്മസങ്കടവും നിസ്സഹായതയും നിറഞ്ഞതാണ് ഇവിടെ എന്റെ സര്‍ഗാത്മക ജീവിതം . ജീവിക്കാന്‍ കാശ് വേണമെങ്കില്‍ ജോലിക്ക് പോകണം . അങ്ങനെയാണെങ്കില്‍ നിരന്തരം എഴുതാന്‍ സാധിക്കില്ല. എഴുതാന്‍ വേണ്ടി ജോലിക്ക് പോകാതെ ഇരുന്നാല്‍ ചെലവുകള്‍ക്കും മറ്റും വളരെയധികം പ്രശ്‌നമാകും. സണ്‍ഡേ പെയിന്റര്‍ എന്നൊക്കെ പറയും പോലെ വെറും ഹോളിഡേ റൈറ്റര്‍ മാത്രമാണ് ഞാനിപ്പോള്‍. എന്നാലും തീവണ്ടിയിലും ബസിലും ലഞ്ച് ബ്രേക്ക് സമയത്തും രണ്ടു വരിയെങ്കില്‍ രണ്ടുവരി ഒരു ദിവസം എഴുതി വളരെയധികം എഴുത്തില്‍ അധ്വാനിക്കുന്നുണ്ട്. അങ്ങനെ പോലും നമുക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് ഇവിടുത്തെ നാല് വര്‍ഷം കൊണ്ട് എഴുതിയ കെനിയ സാന്‍ എന്ന പുസ്തകത്തിലെ ആറ് കഥകള്‍ പറയുന്നുണ്ട്.