vd satheeshan@leader
ഞാന്‍ ലീഡറല്ല; ഒരേ ഒരു ലീഡര്‍ കരുണാകരന്‍ മാത്രം- വി ഡി സതീശന്‍
തന്റെ പേരിലുള്ള ലീഡര്‍ ബോര്‍ഡുകള്‍ എടുത്തുമാറ്റണം
തിരുവനനന്തപുരം | താന്‍ കോണ്‍ഗ്രസിന്റെ ലീഡറും ക്യാപ്റ്റനുമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു ലീഡറേയുള്ളു. അത് കെ കരുണാകരനാണ്. അദ്ദേഹത്തിന് പകരം വെക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലെന്നും സതീശന്‍ പറഞ്ഞു. തൃക്കാക്കര വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയ സതീശന് വിമാനത്താവളതക്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എന്നെ ലീഡര്‍ എന്ന് വിളിച്ചുള്ള ബോര്‍ഡുകള്‍ പാര്‍ട്ടിയെ നന്നാക്കാനല്ലെന്ന തിരിച്ചറിവ് എനിക്കുണ്ട്. എവിടെയെങ്കിലും ലീഡര്‍ എന്ന പേരില്‍ തന്റെ ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തകര്‍ നീക്കണം. ബോര്‍ഡുവെക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ പ്രമുഖ നേതാക്കളുടോയും ബോര്‍ഡുകള്‍ വെക്കണം.
എന്റെ ജില്ലയില്‍ ഒരു തിരഞ്ഞെടുപ്പുണ്ടായപ്പോള്‍ എല്ലാവരേയും ഏകോപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. വിജയത്തിന് കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ക്കെല്ലാം പങ്കുണ്ട്. പാര്‍ട്ടിയില്‍ കരുത്തുറ്റ ഒരു രണ്ടാംനിര വരുന്നുണ്ട്. ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കും. അത് ഗ്രൂപ്പുകള്‍ക്കതീതമായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ സ്വീകരണം അവരുടെ ചെറിയ സന്തോഷ പ്രകടനമാണ്. തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ ഉജ്ജ്വല ജയം പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇതിന്റെ ഒരു പ്രതിഫലനമാണിതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായിട്ടുണ്ട്. തൃക്കാക്കര പാര്‍ട്ടിയുടെ ഉരുക്ക്‌കോട്ടയാണെന്നും അവിടെ ജയിച്ചതിന്റെ ക്രഡിറ്റ് ഒറ്റക്ക് ഒരാള്‍ക്ക് ചാര്‍ത്തിനല്‍കേണ്ടതില്ലെന്നുമാണ് എതിരാളികള്‍ പറയുന്നത്. കോണ്‍ഗ്രസിന് കരുണാകരന്‍ മാത്രമാണ് ലീഡര്‍. ഗ്രൂപ്പുകള്‍ വേണ്ടെന്ന് പറയുന്ന സതീശന്‍ തന്റെ പേരില്‍ പുതിയ ഗ്രൂപ്പിന് ശ്രമിക്കുകയാണെന്നും എതിരാളികള്‍ പറയുന്നു.