Kerala
അതൃപ്തി പരസ്യമാക്കിയതില്‍ നടപടിയെ ഭയക്കുന്നില്ല, പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കും; എ പത്മകുമാര്‍
പാര്‍ട്ടി ഘടകത്തിലേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനം പരിഗണിക്കണമെന്നും പത്മകുമാര്‍

പത്തനംതിട്ട| സി പി എം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് ചെയ്തത്. തന്നെപ്പോലെ അഭിപ്രായമുള്ള പലരും പത്തനംതിട്ടയിലുണ്ട്. പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും എ പത്മകുമാര്‍ പ്രതികരിച്ചു.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും എ പത്മകുമാര്‍ അതൃപ്തി അറിയിച്ചു. പാര്‍ട്ടിയില്‍ തനിക്ക് 42 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. നിലവില്‍ 66 വയസായെന്നും സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നെങ്കില്‍ 58ാം വയസില്‍ വിരമിക്കുമായിരുന്നെന്നും പത്മകുമാര്‍ പറഞ്ഞു. വീണാ ജോര്‍ജിന് ഒന്‍പത് വര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം മാത്രമാണുള്ളത്. വീണയുടെ കഴിവിനെ താന്‍ അംഗീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടി ഘടകത്തിലേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനം പരിഗണിക്കണമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ അഭിപ്രായം ഉയര്‍ന്നിട്ടില്ല. പാര്‍ട്ടിയെ വില കുറച്ചു കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നേതാക്കളെയും വിലകുറച്ചു കാണുന്നില്ല. വികാരത്തിന് അടിമപ്പെട്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. അത് ശരിയായില്ല എന്ന് തോന്നി. അതുകൊണ്ടാണ് പിന്നീട് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ അതൃപ്തി പരസ്യമാക്കിയ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ തുറന്നടിച്ചു.
സി പി എം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസം ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് പത്മകുമാര്‍ ഇറങ്ങിപ്പോയത്. ചതിവ്, വഞ്ചന, അവഹേളനം 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്ന് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവാക്കിയതിലും അദ്ദേഹം പ്രതിഷേധം പ്രകടമാക്കി. ഇന്നല്ലെങ്കില്‍ നാളെ കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകുമെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വിട്ട് പോകില്ല. തിരുത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രൊമോഷന്റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം അടിസ്ഥാനമാക്കരുത്. എന്തുകൊണ്ട് എന്നെ ഉള്‍പ്പെടുത്തിയില്ലെന്ന് എം.വി.ഗോവിന്ദനോട് ചോദിക്കണമെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.