Kerala
താന്‍ മുസ്‌ലിം വിരോധിയല്ല; വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി
'ശ്രീനാരായണീയര്‍ക്ക് മലപ്പുറത്ത് പിന്നാക്കാവസ്ഥയുണ്ട്. അതാണ് ഉന്നയിച്ചത്. മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് മുസ്‌ലിം സമുദായത്തിലെ സമ്പന്നരാണ്.'

ആലപ്പുഴ | വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നു. ശ്രീനാരായണീയര്‍ക്ക് മലപ്പുറത്ത് പിന്നാക്കാവസ്ഥയുണ്ട്. അതാണ് ഉന്നയിച്ചത്. മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് മുസ്‌ലിം സമുദായത്തിലെ സമ്പന്നരാണ്. ലീഗിന് മതേതരത്വം വാക്കുകളില്‍ മാത്രമാണ് ഉള്ളത്. ബാബ്‌രി മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ് എന്‍ ഡി പി. പറഞ്ഞതില്‍ ഒരു വാക്കു പോലും പിന്‍വലിക്കില്ല. താന്‍ മുസ്‌ലിം വിരോധിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവാദ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ-മത കക്ഷികള്‍ ശക്തമായി രംഗത്തു വന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി എസ് എന്‍ ഡി പി നേതാവ് രംഗത്തെത്തിയത്.
മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും തന്റെ സമുദായത്തിലെ അംഗങ്ങള്‍ സ്വതന്ത്രമായി വായു ശ്വസിക്കാന്‍ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എസ് എന്‍ ഡി പി യോഗത്തിന്റെ ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷനില്‍ വച്ചാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവര്‍ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളതെന്നും മുസ്‌ലിം ലീഗുകാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നാക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. തമ്മില്‍ തമ്മിലുള്ള എതിരഭിപ്രായം കൊണ്ടാണ് ഈഴവര്‍ തഴയപ്പെടുന്നത്. മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനയ്ക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.