Connect with us

Prathivaram

ഞാൻ മാറ്റത്തിന്റെ വഴിയിൽ

എഴുതിത്തുടങ്ങിയ കാലം കണക്കാക്കിയാൽ ഇത് മുപ്പതാം വർഷമാണ്. ഇത്രയും കാലം വായനക്കാർ കൂടെ നിന്നു എന്നത് സന്തോഷമാണ്. വായിക്കുന്നവരെ രസിപ്പിക്കുന്ന കഥകളെഴുതാൻ സാധിച്ചതിനാലാകാം അവർ കൂടെനിന്നത്. അതിനാൽ ഇനിയുള്ള കാലത്തും വായനക്കാർ കൂടെ നിൽക്കണമെങ്കിൽ മാറ്റം ആവശ്യമുണ്ട്.... സുസ്മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു.

Published

|

Last Updated

? സുസ്മേഷ് ചന്ത്രോത്തിന് എന്താണു കഥ.? എഴുത്തിലേക്ക് വന്ന വഴി വിശദീകരിക്കാമോ.

എന്നെ സംബന്ധിച്ച് ജിജ്ഞാസയും ഉത്കണ്ഠയും ഉളവാക്കുന്നതായിരിക്കണം കഥ എന്നൊരു പ്രാഥമിക വിചാരമുണ്ട്. മനുഷ്യരുടെ മനസ്സിലെ സംഘട്ടനങ്ങളും ബന്ധങ്ങൾക്കിടയിലെ സംഘർഷങ്ങളും തത്വചിന്തയുടെയും ജീവിതാവബോധത്തിന്റെയും മനഃശാസ്ത്രത്തിന്റെയും പിൻബലത്തോടെ അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. അതുപോലെ തന്നെ, ഒരു കഥപോലെയാകരുത് അടുത്ത കഥ എന്ന നിർബന്ധവുമുണ്ട്. ഇതൊക്കെ ചേർന്നതാണ് എന്റെ സ്വന്തം കഥയെക്കുറിച്ചുള്ള സങ്കൽപ്പം.

ഇതിന് വേറൊരു ഉത്തരം കൂടിയുണ്ട്. “ലോകമാകെ നോക്കിയാലും മാസ്റ്റർ പീസുകളും ജീനിയസുകളും വളരെ കുറച്ചേയുള്ളൂ’വെന്ന് ജെ ബി പ്രീസ്റ്റ്‌ലി പറയുന്നുണ്ട്. ക്യൂബൻ നോവലിസ്റ്റ് ആലേഹോ കാർപ്പന്റ്യറുടെ ദി ലോസ്റ്റ് സ്‌റ്റെപ്‌സ് എന്ന നോവലിനെഴുതിയ അവതാരികയിലാണ് പ്രീസ്റ്റ്‌ലി ഇങ്ങനെ പറയുന്നത്. അത് സത്യമായ പ്രസ്താവനയാണ്. നമ്മുടെ എഴുത്ത് മത്സരിക്കേണ്ടത് ലോകത്ത് വളരെ കുറച്ചുമാത്രമുള്ള മാസ്റ്റർ പീസുകളോടും ജീനിയസായ എഴുത്തുകാരോടും ആയിരിക്കണം.

? എപ്പോഴാണ് ഒരു കഥാപാത്രം നമ്മുടെ മനസ്സിലേക്ക് കടന്നുവരികയെന്ന് പറയാനാവില്ല. അതുവരെ ഇരുട്ടിൽ മറഞ്ഞു കിടന്നവർ പെട്ടെന്നൊരു ദിവസം നമ്മെ തേടി വരുന്നു. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ അങ്ങനെ എഴുത്തുകാരനെ തേടി വന്ന കഥാപാത്രമാണെന്ന് എം ടി പറയുമ്പോൾ എഴുത്തുകാരൻ കഥയെ കണ്ടെത്തുകയാണോ കഥ എഴുത്തുകാരനെ കണ്ടെത്തുകയാണോ ? ഫലത്തിൽ ഒരെത്തുംപിടിയുമില്ലാത്ത കാര്യമാണിതെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവും പറയുന്നുണ്ട്. സുസ്മേഷ് ചന്ത്രോത്തിന് കഥ എങ്ങനെയാണ് സംഭവിക്കുന്നത്.

അതെ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞതുതന്നെയാണ് എനിക്കും ഇക്കാര്യത്തിൽ പറയാനുള്ളത്. കഥാപാത്രമാണോ കഥാപശ്ചാത്തലമാണോ ആദ്യത്തെ വാചകമാണോ ആദ്യം മനസ്സിലേക്ക് വരികയെന്നൊന്നും തറപ്പിച്ചു പറയാൻ വയ്യ. മുഖ്യധാരയിൽ അച്ചടിച്ചു വന്ന എന്റെ ആദ്യത്തെ കഥ 2000ൽ ദേശാഭിമാനി വാരികയിൽ വന്ന “വെയിൽ ചായുമ്പോൾ നദിയോര’മാണ്. അതുവെച്ച് കണക്കാക്കിയാൽ എഴുത്തിൽ നിൽക്കാൻ തുടങ്ങിയിട്ട് 21 വർഷം കഴിഞ്ഞു. എഴുതിത്തുടങ്ങിയ കാലം കണക്കാക്കിയാൽ ഇത് മുപ്പതാം വർഷമാണ്. ഇത്രയും കാലം വായനക്കാർ കൂടെ നിന്നു എന്നത് സന്തോഷമാണ്. വായിക്കുന്നവരെ രസിപ്പിക്കുന്ന കഥകളെഴുതാൻ സാധിച്ചതിനാലാകാം അവർ കൂടെനിന്നത്. അതിനാൽ ഇനിയുള്ള കാലത്തും വായനക്കാർ കൂടെനിൽക്കണമെങ്കിൽ മാറ്റം ആവശ്യമുണ്ട്. ആ മാറ്റത്തിന്റെ വഴിയിലാണ് ഞാനിപ്പോൾ എന്നു പറയാം. വായനക്കാരുടെ രണ്ട് തലമുറ എന്റെ മുന്നിലൂടെ കടന്നുപോയി. ഇനി വരുന്നവർ കഴിഞ്ഞുപോയവരെക്കാളും വായനാബോധ്യം ഇള്ളവരായിരിക്കും. ഓരോ കഥയുടെയും പിന്നിൽ നിരന്തരമായ വായനയുടെയും അന്വേഷണത്തിന്റെയും എഴുത്തിന്റെയും തിരുത്തിയെഴുത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും കാത്തിരിപ്പിന്റെയും കാലമുണ്ട്. അതെല്ലാം കഴിഞ്ഞാണ് ഒരു രചന അച്ചടിക്കപ്പെടുന്നത്. ചിലത് വായനക്കാർ സ്വീകരിക്കും. ചിലത് വായനക്കാർ തള്ളിക്കളയും. നമ്മുടെ ചില പരീക്ഷണശ്രമങ്ങൾ വിജയിക്കും. പലതും പരാജയപ്പെടും. അതെല്ലാം കൂടിച്ചേർന്നതാണ് എഴുത്ത്. എഴുതിക്കഴിഞ്ഞ കഥയെക്കുറിച്ച് പിന്നീട് ആലോചിക്കാറില്ല.

? എഴുത്തുകാരൻ എന്ന പ്രശസ്തിക്കൊപ്പം താങ്കൾ ഒരു ചിത്രകാരൻ കൂടിയാണ്. മലയാളത്തിലെ എഴുത്തുകാർക്കിടയിൽ സമ്പന്നമായൊരു ചിത്രമെഴുത്തു പാരമ്പര്യം മുമ്പ് കാക്കനാടന് സ്വന്തമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചിത്രകലയെ കുറിച്ചും അതിന്റെ സങ്കേതത്തെ കുറിച്ചുമെല്ലാം ആഴത്തിൽ പഠിച്ച ഒരെഴുത്തുകാരനായിരുന്നു കാക്കനാടൻ. സുസ്മേഷിന്റെ ചിത്രമെഴുത്ത് സംസ്കാരത്തിന്റെ പശ്ചാത്തലമെന്താണ് ?

അതിലൊരു തിരുത്ത് ആവശ്യമുണ്ടെന്ന് തോന്നുന്നു. എനിക്ക് ചിത്രകലയോട് ആഭിമുഖ്യം ഉണ്ടെന്നേയുള്ളൂ. ഞാനൊരു ചിത്രകാരനോ ചിത്രംവര പഠിച്ചയാളോ അല്ല. ഫോട്ടോഗ്രാഫിയോട്, രംഗകലകളോട്, പാട്ടിനോട്… ഒക്കെ ആഭിമുഖ്യമുള്ളതുപോലെ വരയോടും ഉണ്ടെന്നുമാത്രം. ഡോക്യുമെന്ററി ഫിലിമുകളിൽ പ്രവർത്തിക്കാനാണ് എനിക്കിഷ്ടം. ടി കെ പത്മിനിയെക്കുറിച്ച് ചിത്രമെടുക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ ശ്രമിച്ചതും ചലച്ചിത്രത്തിന്റെയും ഡോക്യുമെന്ററിയുടേയും ഘടകങ്ങളും രീതികളും കൂട്ടിച്ചേർത്ത് വേറിട്ട മട്ടിൽ പത്മിനിയുടെ ജീവിതം പറയാനാണ്. അതിൽ ടി കെ പത്മിനിയുടെ ഒറിജിനൽ കൈയക്ഷരവും കത്തുകളും രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങളേയും. അതെല്ലാം മനപ്പൂർവമാണ്.

ആ ചിത്രത്തിനു ശേഷം ടി കെ പത്മിനി എന്ന ചിത്രകാരിക്ക് കേരളത്തിൽ പലയിടത്തും സ്മാരകങ്ങളും അനുസ്മരണങ്ങളുമുണ്ടായി. കേരള ലളിതകലാ അക്കാദമി എറണാകുളത്ത് സ്ഥിരം ഗാലറി നിർമിച്ചു. ടി കെ പത്മിനിയുടെ ഒറിജിനൽ സ്‌കെച്ച് ബുക്കുകളും നോട്ട് ബുക്കുകളും കത്തുകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അപൂർവമായ രേഖാചിത്രങ്ങളും പെയിന്റിംഗുകളും ഉൾപ്പെടുത്തി ലളിത കലാ അക്കാദമി പ്രസിദ്ധീകരിച്ച വലിയ പുസ്തകവും പ്രധാനപ്പെട്ടതാണ്. മുടക്കുമുതൽ പണമായി തിരികെ പിടിക്കുന്നതു മാത്രമല്ല, ഇതുപോലുള്ള ജീവചരിത്ര ചലച്ചിത്രങ്ങളുടെ ലക്ഷ്യം. അത് തിരിച്ചറിഞ്ഞ നിർമാതാവാണ് ടി കെ പത്മിനിയുടെ ചേച്ചിയുടെ മകൻ കൂടിയായ ടി കെ ഗോപാലൻ.

? സുസ്മേഷിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണല്ലോ മരണവിദ്യാലയം. ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ കള്ളത്തരം കാണിക്കാൻ നിർബന്ധിതമായ ഒരു അധ്യാപികയുടെ കഥ കൂടിയാണല്ലോ ഇത്. വിശപ്പിന്റെ കഥകൾക്കപ്പുറം പുതിയ കാലത്തെ തലതിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെ തൊലിയുരിച്ചു കാണിക്കുന്ന കഥയിൽ മരണവിദ്യാലയങ്ങളല്ല ജീവിത വിദ്യാലയങ്ങളാണ് ഇന്നിന്റെ ആവശ്യകതയെന്നും ഓർമപ്പെടുത്തുന്ന കഥയുടെ രചനാ പശ്ചാത്തലം ഒന്നു വിവരിക്കാമോ?

“മരണവിദ്യാലയം’ ഏറെ വായിക്കപ്പെട്ട കഥയാണ്. പതിനൊന്ന് വർഷം മുമ്പെഴുതിയ കഥയാണത്. ഇന്നും ആളുകൾ അതിനെപ്പറ്റി പറയുന്നത് സന്തോഷം. രചനാപശ്ചാത്തലം എറണാകുളത്തെ ജീവിതം തന്നെ. വീടിനു മുന്നിലൂടെ കടന്നുപോകുന്ന സ്‌കൂൾ ബസുകളും അതിൽ യാത്ര ചെയ്യുന്ന കുട്ടികളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും ഒക്കെ നമ്മൾ ജീവിതത്തിൽ കാണുന്നതാണല്ലോ.
ഫോർമൽ എജ്യുക്കേഷൻ എന്ന് നാം വിളിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് എന്തെല്ലാം പോരായ്മകൾ പറഞ്ഞാലും അതിന്റെ പ്രധാന്യം കുറച്ചുകാണാൻ ആർക്കും കഴിയില്ല. എന്നാൽ, ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്ന മട്ടിൽ പ്രവർത്തിക്കുന്നവയാണ്. ഫലത്തിൽ പഠിക്കേണ്ടത് പഠിക്കാതെ ജീവിതത്തിലേക്കിറങ്ങുന്ന കുട്ടികൾ ജീവിതത്തിനു മുന്നിൽ തോറ്റുപോകുന്നത് നാം കാണും.

സുസ്മേഷ് ചന്ത്രോത്ത്/
സജിത് കെ കൊടക്കാട്ട്

Latest