International
സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, റഷ്യയില്‍ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല; പുറത്താക്കിയശേഷം അസദിന്റെ ആദ്യ പ്രതികരണം
ഡ്രോണ്‍ ആക്രമണം രൂക്ഷമാതിനു പിന്നാലെയാണ് രാജ്യം വിടാന്‍ തീരുമാനിച്ചതെന്ന് ബാഷര്‍ അല്‍ അസദ്.
മോസ്‌ക്കോ| സിറിയയിലെ ഭരണ അട്ടിമറിക്കുശേഷം ആദ്യമായി പ്രതികരിച്ച് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും റഷ്യയില്‍ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ബാഷര്‍ അല്‍ അസദ് പ്രതികരിച്ചു. ഡ്രോണ്‍ ആക്രമണം രൂക്ഷമാതിനു പിന്നാലെയാണ് രാജ്യം വിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് അസദ് സിറിയ വിട്ടതെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. സിറിയന്‍ പ്രസിഡന്‍സിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
സിറിയയില്‍ നിന്ന് പലായനം ചെയ്തതിനെക്കുറിച്ചെല്ലാം ഈ പ്രസ്താവനയില്‍ അസദ് വിവരിക്കുന്നുണ്ട്. 2024 ഡിസംബര്‍ 8 ഞായറാഴ്ച പുലര്‍ച്ചെ വരെ താന്‍ ചുമതലകള്‍ നിര്‍വ്വഹിച്ചു. സംഘര്‍ഷം തുടങ്ങിയപ്പോഴും ഡമാസ്‌കസില്‍ തന്നെ തുടര്‍ന്നു. വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചപ്പോള്‍ യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് തീരദേശ നഗരമായ ലതാകിയയിലെ റഷ്യന്‍ താവളത്തിലേക്ക് നീങ്ങിയത്. ചുരുക്കത്തില്‍ റഷ്യ തന്നെ സിറിയയില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് അസദിന്റെ വാദം.
റഷ്യന്‍ താവളത്തിലേക്ക് മാറിയതിന് പിന്നാലെ അവിടെ സൈനിക ബേസുകളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായി. അന്ന് വൈകുന്നേരം റഷ്യയിലേക്ക് ഉടന്‍ പലായനം ചെയ്യണമെന്ന് മോസ്‌കോ തന്നോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഡിസംബര്‍ എട്ടിന് രാവിലെയാണ് താന്‍ ഡമാസ്‌കസ് വിട്ടത്. റഷ്യന്‍ വ്യോമത്താവളവും ആക്രമിക്കപ്പെട്ടതിന് ശേഷമാണ് തനിക്ക് സിറിയ വിടേണ്ടി വന്നതെന്ന് അസദിന്റെ പ്രസ്താവനയില്‍ പറയുന്നു.
റഷ്യയിലുള്ള അസദ് മോസ്‌കോയില്‍ സുരക്ഷിത കേന്ദ്രത്തിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം അവസാനത്തോടെ വടക്ക് പടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തിലെത്തിച്ചത്. വിമതര്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി വ്യക്തമാക്കിയിരുന്നു.
സിറിയയില്‍ നിന്ന് അസദിനെ മോസ്‌കോയിലെത്തിക്കാന്‍ ഏകദേശം 250 മില്യണ്‍ ഡോളര്‍ ചെലവായന്നെും സര്‍ക്കാര്‍ ചെലവിലാണ് അസദ് രാജ്യംവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രണ്ട് വര്‍ഷമെടുത്താണ് തുക റഷ്യയിലെത്തിച്ചത്. ഈ തുക മോസ്‌കോയിലെത്തിച്ച് റഷ്യന്‍ ബേങ്കുകളില്‍ നിക്ഷേപിച്ചെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട് ചെയ്തിരുന്നു. വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബേങ്കിലാണ് പണം നിക്ഷേപിച്ചതെന്നും 2018 മാര്‍ച്ചിനും 2019 സെപ്തംബറിനും ഇടയിലാണ് ഈ ഇടപാടുകള്‍ നടന്നതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.