Connect with us

Ongoing News

ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ല; വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പേരാട്ടം നടത്തും: വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ അതിനോടൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും വളരും. രണ്ടിനോടും സി പി എം സന്ധിയില്ലാത്ത പോരാട്ടം നടത്തും. കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമം. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദ്ദേശമുള്ളതായി കരുതുന്നില്ല. വ്യക്തികളുടെ തെറ്റിനെ മതത്തിന്റെ പേരില്‍ ചാര്‍ത്തരുതെന്നാണ് സി പി എം നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന് സ്വീകാര്യത കിട്ടിയില്ല.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ജനം സ്വീകരിക്കുകയും ചെയ്തു. സമാധാനന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് തുടര്‍ന്നുമുണ്ടാകും.

കോണ്‍ഗ്രസ് അതിവേഗത്തില്‍ തകരുകയാണെന്നാണ് പ്രധാന നേതാക്കളുടെ രാജിയില്‍ നിന്നും വ്യക്തമാവുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാക്കള്‍ മറ്റു സംസ്ഥാനങ്ങളിലേത് പോലെ ബി ജെ പിയിലേക്ക് പോകാതെ മതനിരപേക്ഷ ചേരിയിലേക്ക് വരുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത. കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. മതേതര വാദികള്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസിലുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും സി പി എം ആക്ടിംഗ് സെക്രട്ടറി പറഞ്ഞു.

 

Latest