Kerala
മതം ഉപയോഗിച്ച് നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട; ഷാഫി പറമ്പിൽ
വടകരയില്‍ സിപിഎമ്മിന്റെ വര്‍ഗീയ വെട്ടില്‍നിന്ന് താന്‍ രക്ഷപ്പെട്ടത് ജനങ്ങള്‍ തീര്‍ത്ത പരിചകൊണ്ട്.
കോഴിക്കോട് | കാഫിര്‍ സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചവരെ പുറത്തുകൊണ്ടുവരേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് എംപി ഷാഫി പറമ്പില്‍. വടകരയില്‍ സിപിഎമ്മിന്റെ വര്‍ഗീയ വെട്ടില്‍നിന്ന് താന്‍ രക്ഷപ്പെട്ടത് ജനങ്ങള്‍ തീര്‍ത്ത പരിചകൊണ്ടാണെന്നും ഷാഫി പറഞ്ഞു.
നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനമായ ശ്രമം കോടതിയില്‍ വ്യാജമെന്ന് പോലീസ് റിപ്പോര്‍ട്ട് കൊടുത്തതില്‍ സമാധാനമുണ്ട്. പ്രതികള്‍ ആരാണെന്ന് പോലീസിനും സിപിഎമ്മിനും അറിയാം. ഉത്തരവാദപ്പെട്ട മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.
അതേസമയം ആരും തന്നോട് മാപ്പ് പറയേണ്ടെ. ജനം നല്‍കിയ മറുപടി തന്നെ ധാരാളമെന്നും നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ഹീന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ ഇത് സത്യമാണെന്നു കരുതിയ സിപിഎമ്മിന്റെ പ്രവര്‍ത്തകരോടെങ്കിലും മാപ്പ് പറയണമെന്നും ഷാഫി പറഞ്ഞു.
വ്യാജപോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നും യുവസ്ഥാനാര്‍ഥി വരുന്നത് വിജയസാധ്യത കൂട്ടുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.