Connect with us

Kerala

ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല, എനിക്ക് പേടിയാണ്; ജോളി മധുവിന്റെ എഴുതി പൂര്‍ത്തിയാക്കാത്ത കത്ത് പുറത്ത്

ഈ കത്ത് എഴുതിക്കൊണ്ടിരിക്കവെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയാകുന്നത്.

Published

|

Last Updated

കൊച്ചി| തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ എഴുതി പൂര്‍ത്തിയാക്കാത്ത കത്ത് പുറത്ത്. എനിക്ക് പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല. പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍. എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ എന്നാണ് ജോളിയുടെ കത്തിലെ വരികള്‍. ഇംഗ്ലീഷിലാണ് ജോളി കത്തെഴുതിയിരിക്കുന്നത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കവെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയാകുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ ജീവനക്കാരിയാണ് ജോളി മധു. തൊഴിലിടത്തിലെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളിയ്ക്ക് തൊഴിലിടത്തിലെ പീഡനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.

തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് ജോളി പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ഓഫീസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

 

 

Latest