Connect with us

cover story

ഇതേതിരുൾക്കുഴിമേലുരുളട്ടേ വിടില്ല ഞാനീ രശ്മികളെ!

ഇനിയും മഹാമാരികളുടെ നിഴൽ ഒഴിഞ്ഞുപോകാത്ത ഒരു സാഹചര്യവും നിലനിൽക്കുന്നുണ്ട്. എങ്കിലും മനുഷ്യരാശിക്ക് പ്രത്യാശിക്കാതെ നിർവാഹമില്ല. ഓരോ പുതിയ വത്സരവും പുതിയ പ്രതീക്ഷയും കൊണ്ടുവരുന്നു. പുതിയ പ്രത്യാശകളുണ്ടാകുന്നു. മനുഷ്യ വംശം ഏതൊക്കെ പ്രതിസന്ധികളുണ്ടായാലും അതിജീവിക്കുക തന്നെ ചെയ്യും എന്നൊരു വിശ്വാസം മനസ്സിൽ നിറക്കേണ്ടതുണ്ട്.

Published

|

Last Updated

വീണ്ടും ഒരു പുതുവർഷം കൂടി പിറക്കുകയാണ്. 2022 അവസാനിക്കുന്നു. ഓരോ സംക്രമണവും നിരാശയും ദുഃഖവും ഉത്കണ്ഠയും സംത്രാസവുമൊക്കെയുണ്ടാക്കും എന്നാണ് മനഃശാസ്ത്രം. ഈ വർഷം അവസാനിക്കുന്പോഴും ഒരുപാട് ഉത്കണ്ഠകൾ നമ്മുടെ മനസ്സിലുണ്ട്. പ്രബുദ്ധ കേരളം നരബലിയിലേക്കും നരഭോജിത്ത്വത്തിലേക്കും തിരിച്ചുപോകുന്ന വാർത്തയുമായിട്ടാണ് 2022 അവസാനിക്കുന്നത്. മനുഷ്യ വംശം എങ്ങോട്ടുപോകുന്നു എന്നൊരു ഉത്കണ്ഠ സ്വാഭാവികമായും മനുഷ്യരായ മനുഷ്യരുടെയൊക്കെയുള്ളിലുണ്ടാകുന്നുണ്ട്. ലോകത്തെല്ലായിടത്തും വംശീയതയും മതാത്മകതയും ഫാസിസവും അതിശക്തമായി ജനങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡെന്ന മഹാമാരിയുടെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് പറയാവുന്ന വിധത്തിലുള്ള ഒരു ഘട്ടത്തിലാണ് 2023 പിറക്കുന്നത്. ഇനിയും മഹാമാരികളുടെ നിഴൽ ഒഴിഞ്ഞുപോകാത്ത ഒരു സാഹചര്യവും നിലനിൽക്കുന്നുണ്ട്. എങ്കിലും മനുഷ്യരാശിക്ക് പ്രത്യാശിക്കാതെ നിർവാഹമില്ല.

ഓരോ പുതുവത്സരവും പുതിയ പ്രതീക്ഷയും കൊണ്ടുവരുന്നു. മനുഷ്യവംശം ഏതൊക്കെ പ്രതിസന്ധികളുണ്ടായാലും അതിജീവിക്കുക തന്നെ ചെയ്യും എന്നൊരു വിശ്വാസം മനസ്സിൽ നിറയ്ക്കേണ്ടതുണ്ട്. ഒരെഴുത്തുകാരനെന്ന നിലയിൽ, കവി എന്ന നിലയിൽ എന്നും പ്രത്യാശയുടെ പക്ഷത്താണ് ഞാൻ നിലകൊണ്ടിട്ടുള്ളത്. പൊന്നാനിക്കാരെക്കുറിച്ച് പൊതുവിൽ പറയാറുള്ളത് ചികിത്സിച്ചാൽ ഭേദമാകാത്ത ഒരു രോഗം പോലെയാണ് പൊന്നാനിക്കാർക്ക് ശുഭപ്രതീക്ഷയെന്നാണ്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും വെളിയംകോട് ഉമർ ഖാസിയും ഇടശ്ശേരിയും ഉറൂബും എം ഗോവിന്ദനും കടവനാട് കുട്ടികൃഷ്ണനും അക്കിത്തവും എം ടിയും സി രാധാകൃഷ്ണനും അടക്കമുള്ള ഗുരുക്കന്മാർ തന്ന ഒരു വെളിച്ചം “ഇതേതിരുൾക്കുഴിമേലുരുളട്ടേ വിടില്ല ഞാനീ രശ്മികളെ! എന്നാണ്. പ്രത്യാശയുടെ രശ്മികൾ വിടാൻ പാടില്ല. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും മനുഷ്യവംശം അതിജീവിക്കുക തന്നെ ചെയ്യും എന്നൊരു പ്രത്യാശ നമ്മുടെ മനസ്സിലുണ്ടാകണം. അന്ത്യ പ്രവാചകൻ മക്കത്ത് നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ട സാഹചര്യത്തിൽ വളരെ ക്ലേശകരമായി, അബൂബക്കർ എന്ന ഒറ്റ ഉറ്റ അനുയായിയുമായി പുറപ്പെട്ടപ്പോൾ ധൈര്യശാലിയായിട്ടും അബൂബക്കർ ചോദിക്കുന്നുണ്ട് – നമ്മൾ രണ്ടുപേർ മാത്രമല്ലേയുള്ളൂ , അവർ ശത്രുക്കൾ… അതിന് പ്രവാചകർ നൽകിയ ഉത്തരം നമ്മൾ രണ്ട് പേർ മാത്രമല്ല. മൂന്നാമൻ ഒരാളുണ്ട്. അവൻ എല്ലാം അറിയുന്നുണ്ട്. അവനറിയാതെ ഒരിലപോലും ഭൂമിയിൽ കൊഴിയുന്നില്ല. തീർച്ചയായും അതൊരു വിശ്വാസമാണ്. നമ്മുടെ കർണ ഞരന്പിനേക്കാളടുത്ത് നമ്മേ നിരീക്ഷിച്ചുകൊണ്ട് ദൈവം ഇരിക്കുന്നുണ്ട്. അവന്റെ ഹിതമാണല്ലോ ലോകത്ത് നടപ്പാകുന്നത്.

കൊവിഡ് കാലത്ത് ഒരു കാര്യം നമുക്ക് മനസ്സിലായി. മനുഷ്യ ശരീരമുള്ളവർക്കൊക്കെ രോഗമുണ്ട്. രോഗം ഏതെങ്കിലും മതക്കാരെ ഒഴിവാക്കിയില്ല. ഏതെങ്കിലുമൊരു വിഭാഗത്തെ ഒഴിവാക്കിയില്ല. അപ്പോൾ ഈ ഒരു വചനം മാത്രമല്ല, എല്ലാ മതങ്ങളും ആവർത്തിച്ച് പഠിപ്പിച്ച പ്രബോധനങ്ങൾ കൊവിഡ് കാലത്ത് പഠിക്കേണ്ടതായിരുന്നു. പഠിച്ചു എന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു. പരിശുദ്ധ ഖുർആൻ അടിവരയിട്ടു പറയുന്ന ഒരു കാര്യം: മനുഷ്യരേ, നിങ്ങളെ ഞാൻ ഒരു സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് വിവിധ ഗോത്രങ്ങളുടെ അടയാള വ്യത്യാസങ്ങൾ തന്നിരിക്കുന്നത് നിങ്ങൾ തമ്മിൽ തമ്മിൽ തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. ഇതാണ് ശരിയായ സത്യജ്ഞാനം. ഇത് സത്യാനന്തര കാലമാണ്. പോസ്റ്റ് ട്രൂത്ത് പിരീഡ്. സത്യത്തെ കലക്കിക്കളയാൻ സാധിക്കും. സത്യത്തെ പലതാക്കാൻ സാധിക്കും. സത്യമെന്തെന്നറിയാത്ത വിധത്തിൽ എല്ലാം കുഴച്ചുമറിക്കാൻ സാധിക്കും. ഇനി വരുന്നത് മനുഷ്യാനന്തര കാലമാണെന്നും ശാസ്ത്ര ജ്ഞാനികൾ പറയുന്നു. മനുഷ്യന്റെ കാലം അവസാനിക്കും. പാതി മനുഷ്യനും പാതി യന്ത്രവുമായ സൈബോർഗുകൾ വരും. അറിയില്ല, എന്നൊക്കെ നമ്മൾ വിചാരിക്കുന്നുണ്ടെങ്കിലും ഇതൊക്കെ നിശ്ചയിക്കുന്നത് കാലമാണ്, ദൈവമാണ്.

ഒരാളുടെയും ഒന്നും പിടിച്ചുപറിക്കരുത്. ഇതൊരു വലിയ ദർശനമാണ്. സാഹോദര്യമാണ് ലോകത്ത് നിലനിൽക്കേണ്ടത്. എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും അതു തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. പ്രബോധന മതങ്ങൾ ശക്തിപ്പെട്ടു വരുന്നൊരു കാലം വരും. മതങ്ങളുടെ പേരിൽ പരസ്പരം വെറുക്കുകയും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും പരസ്പരം ഹിംസിക്കുകയും ഒരു വിഭാഗത്തെ ഒഴിവാക്കിയാൽ നമ്മൾ ശുദ്ധീകരിക്കപ്പെടുമെന്നുള്ള ഫാസിസ്റ്റ് തത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവരും ഒറ്റപ്പെട്ടതായാണ് ചരിത്രം നമുക്ക് തന്ന പാഠം. ഒരു ഫാസിസ്റ്റും വിജയിച്ച ചരിത്രമില്ല.

ചരിത്രത്തിന്റെ ഇരുണ്ട കാലങ്ങളിൽ ഫാസിസത്തിന്റെ തത്വചിന്തകൾ സമൂഹത്തെ സ്വാധീനിക്കുന്ന ഘട്ടമുണ്ടായിട്ടുണ്ട്. പക്ഷേ, വിവേകശാലികൾ ഒരിക്കലത് തിരിച്ചറിയും. എന്റെ ഉത്തമമായ വിശ്വാസം 2023 പുതിയ തിരിച്ചറിവുകളുടെതായിരിക്കും. ഈ കാണപ്പെട്ട എല്ലാ വിഭാഗീയ ചിന്തകളും അതിന്റെ പേരിൽ നടക്കുന്ന മത്സരങ്ങളും വെറുപ്പിന്റെ പ്രത്യയശാസ്ത്ര പ്രചാരണങ്ങളുമൊക്കെ നിലനിൽക്കുന്നതല്ല എന്ന് ഈ കൊവിഡ് മഹാമാരി നമ്മേ പഠിപ്പിച്ചു. പ്രളയം വന്നപ്പോൾ നമ്മളത് പഠിക്കേണ്ടതായിരുന്നു. തീർച്ചയായും 2023 ആ പാഠങ്ങളിൽ നിന്ന് മനുഷ്യൻ പുതിയ കിനാവ് കാണുന്ന കാലമായിരിക്കുമെന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം.

നമ്മൾ എല്ലാ തിന്മകളെയും തുടച്ചുനീക്കി പുതിയ മനുഷ്യത്വത്തിന്റെ ഐശ്വര്യം കുടിയിരുത്തും. ജാതി മത വർണ വർഗ ലിംഗ ഭേദമേതുമില്ലാത്ത പുതിയ മാനവികത 2023ൽ ഉദയം ചെയ്യുക തന്നെ ചെയ്യും. നമുക്ക് ചെയ്യാവുന്നത് ഒന്നു മാത്രമാണ്. ലോകത്തെ ഇരുട്ട് മുഴുവൻ നീക്കാൻ പറ്റില്ല, നമ്മൾ പെരുമാറുന്നിടത്തൊരു വിളക്ക് കൊളുത്തിവെക്കാൻ സാധിക്കും. ലോകത്തെ തിന്മ മുഴുവൻ നമുക്കില്ലാതാക്കാൻ സാധിക്കുകയില്ല, നമ്മുടെ പരിസരങ്ങളിൽ നന്മ പ്രസരിപ്പിക്കാൻ സാധിക്കും. ലോകത്തെ ഹിംസ മുഴുവൻ നമുക്കില്ലാതാക്കാൻ സാധിക്കുകയില്ല, നമ്മൾ പെരുമാറുന്നിടങ്ങളിൽ അഹിംസയും സ്നേഹവും പ്രസരിപ്പിക്കാൻ സാധിക്കും.

അങ്ങനെ നമ്മുടെ ചുറ്റുപാടുകളിൽ നന്മക്കു വേണ്ടി, സ്നേഹത്തിനു വേണ്ടി അഹിംസക്കു വേണ്ടി, മൈത്രിക്കു വേണ്ടി സാഹോദര്യത്തിനു വേണ്ടി, സാമൂഹിക നീതിക്കു വേണ്ടി മനുഷ്യർ കൈകോർത്തു പിടിക്കുന്ന ഒരു കാലം വരും എന്നുറച്ചു വിശ്വസിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് ഇപ്പോഴും പ്രത്യാശയോടുകൂടി പറയുന്നു, 2023 അത്തരം നന്മയുടെ പൂവിടരലിന് നമ്മൾ സാക്ഷികളാകും. പല അന്ധകാരങ്ങളിലൂടെയും നമ്മൾ കടന്നുപോകുന്നു. ഈ സംക്രമണം കടക്കുന്പോൾ അതിന്റെ ദുഃഖങ്ങൾ നമ്മേ വിട്ടൊഴിയും. നമ്മൾ മനുഷ്യരാണ്. മനുഷ്യർ പരസ്പരം സ്നേഹിക്കേണ്ടവരാണ്. നമ്മളൊരുമിച്ചു നിന്നാൽ ഒരു ശക്തിക്കും നമ്മേ തോൽപ്പിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് തീർച്ചയായും മനുഷ്യൻ സ്നേഹത്താൽ അതിജീവിക്കും എന്ന് ഉറച്ച് വിശ്വസിക്കാൻ ഞാൻ ധൈര്യപ്പെടുന്നു. 2023 നമ്മുടെ നന്മകളുടെ അതിജീവനത്തിന്റെ വർഷമായിരിക്കും. നമ്മൾ ജാതി മത വർണ വർഗ ലിംഗ ഭേദങ്ങൾക്കതീതമായി നന്മയുള്ള മനുഷ്യരായിത്തീരും. അങ്ങനെയൊരാശംസ ഞാൻ എല്ലാ സ്നേഹം നിറഞ്ഞ സുഹൃത്തുക്കൾക്കും ഈ പുതുവത്സരത്തിൽ നൽകുകയാണ്.
.